പീരുമേട് : ദേശീയപാതയിൽ വിവിധ ഇടങ്ങളിലായുണ്ടായ നാല് വ്യത്യസ്ഥ അപകടങ്ങളിൽ നിരവധിപ്പേർക്ക് പരിക്ക്പറ്റി. കൊല്ലം -തേനി ദേശീയ പാതയിൽ പെരുവന്താനം മരുതും മൂടിന് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക് പറ്റി. ഇന്നലെ പുലർച്ചെ
കർണാടകയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകരുടെ വാഹനം റോഡിന്റെ വശത്തേക്ക് ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായപ്പോൾ തൊട്ടുപിന്നാലെ എത്തിയ യാത്രക്കാരും ഹൈവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ,എന്നിവരുടെ നേതൃത്വത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി .
വണ്ടിപ്പെരിയാറ്റിന് സമീപം ഡൈമുക്കിൽ വച്ചുണ്ടായ മറ്റൊരപകടത്തിൽ ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്ക് പറ്റി. ഓട്ടോറിക്ഷ ഡ്രൈവർ ചന്ദ്രവനം ഭാഗത്ത് താമസിക്കുന്ന ഓമനക്കുട്ടൻ(54), മുങ്കലാർ എസ്റ്റേറ്റിൽ താമസിക്കുന്ന ചാൾസ്(25 )എന്നിവർക്കാണ് പരിക്കേറ്റത്.. ഇവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. വണ്ടിപ്പെരിയാർ ഭാഗത്തുനിന്ന് മുങ്കലാവർ ഭാഗത്തേക്ക് പോയ ആട്ടോറിക്ഷാ എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽതേയിലത്തോട്ടത്തിലേക്ക് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന നാല് വയസ്സുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാമ്പനാർ മൂക്കർത്താൻ വളവിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ ബൈക്കു യാത്രക്കാരായ രണ്ട് പേർക്ക് പരിക്കു പറ്റി. ശബരിമല തീർത്ഥാടനം കഴിഞ്ഞ് വന്ന വാഹനവും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ മേലഴുത സ്വദേശി മൈക്കിൾ(55) മകൻ ജോയൽ (26) എന്നിവർക്ക് പരിക്കേറ്റു .ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പീരുമേട് ഫയർഫോഴ്സ് യൂണിറ്റിന് സമീപം ഉണ്ടായ കാറപകടത്തിൽ ഒരാളിനു പരിക്കേറ്റു. വെഞ്ഞാറമൂട് നിന്ന് തേക്കടി സന്ദർശിക്കാൻ എത്തിയ കുടുംബം സഞ്ചരിച്ചിരുന്ന കാറായിരുന്നു അപകടത്തിൽപ്പെട്ടത്. കാർ റോഡിന്റെ വശത്തേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കറ്റ കാർ ഓടിച്ചിരുന്നയാളെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.