തൊടുപുഴ: വീടൊഴിയുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റിട്ട. ഹെഡ്മാസ്റ്ററെയും ഗർഭിണിയായ മരുമകളെയും നഗരസഭ മുൻ വൈസ് ചെയർപേഴ്സണും ഭർത്താവും വീട്ടുടമസ്ഥനും ചേർന്ന് മർദ്ദിച്ചതായി പരാതി. റിട്ട. ഹെ‌ഡ്മാസ്റ്റർ പടി. കോടിക്കുളം കരയാമ്പുറത്ത് കെ.എൻ. ശിവദാസനും മരുമകൾ എം. വിനീതയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെങ്ങാംതടത്തിൽ മാത്തുക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ശിവദാസന്റെ മകൻ നിഖിൽ കൗൺസിലിങ് സെന്റർ നടത്തുന്നുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതിന് ശേഷം മകൾ ഈ വീട് ഒഴിയണമെന്ന് നിഖിലിനോട് ആവശ്യപ്പെട്ടു. ഈ തർക്കം കോടതി വരെ എത്തി. തുടർന്ന് നിഖിലിനെതിരെ കോടതി ഇൻജക്ഷൻ ഓർഡർ പുറപ്പെടുവിച്ചു. എന്നിട്ടും നിഖിൽ വീടൊഴിയാത്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇതിനിടെ തന്നെയും ഗർഭിണിയായ മരുമകളെയും മർദിച്ചെന്നാണ് ശിവദാസൻ പറയുന്നത്. മാത്തുക്കുട്ടി വീട് നവീകരിക്കാൻ തങ്ങളെ ഏൽപ്പിച്ചിരുന്നെന്നും അതിന് ചിലവായ തുക തിരികെ തരാത്തതാണ് പ്രശ്‌നകാരണമെന്ന് ശിവദാസൻ പറയുന്നു. എന്നാൽ, ചെലവായ തുക മുഴുവൻ നൽകിയിട്ടുണ്ടെന്ന് എതിർ വിഭാഗക്കാരും പറയുന്നു. അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വീട്ടുടമസ്ഥർ ബന്ധുക്കളായതിനാൽ പ്രശ്‌നം അന്വേഷിക്കാൻ ചെല്ലുക മാത്രമാണ് ചെയ്തതെന്ന് മുൻ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി പറഞ്ഞു. വീട്ടിൽ പ്രവേശിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ പ്രശ്‌നമുണ്ടാക്കിയ ശിവദാസനും കുടുംബവും വ്യാജപരാതിയാണ് നൽകിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.