തൊടുപുഴ : 1964 ചട്ടങ്ങൾ അനുസരിച്ച് പട്ടയ വിതരണം നിർത്തിവെക്കണമെന്ന കോടതി ഉത്തരവിന് കാരണം കേസ് നടത്തിപ്പിൽ ഉണ്ടായ വീഴ്ച്ച കൊണ്ടാണെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു . കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സർക്കാർ അഭിഭാഷകർക്ക് വീഴ്ച്ച പറ്റി. ജില്ലയിലെ കുടിയേറ്റ കൃഷിക്കാരുടെ താല്പര്യം സംരക്ഷിക്കാൻ കഴിയുന്നില്ലങ്കിൽ എന്തിനാണ് ലക്ഷങ്ങൾ ശമ്പളം നൽകി സർക്കാർ അഭിഭാഷകരെ നിയമിക്കണമെന്ന് വ്യക്തമാക്കണം.

ഭൂമി അസ്സൈനബിൾ ലിസ്റ്റിൽ ഉൾപ്പെട്ടതായിരിക്കണം. ലാൻഡ് അസ്സൈമെന്റ് കമ്മറ്റിയുടെ അനുമതിയോടെ മാത്രമേ ഈ ഭൂമിക്ക് പട്ടയം നൽകാൻ കഴിയു. ഇപ്രകാരം 1971 മുൻപ് കൈവശത്തിലുള്ള കൃഷിഭൂമിക്ക് മാത്രമേ പട്ടയം നൽകിയിട്ടുള്ളുവെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. കൂടാതെ സർക്കാർ ഭൂമി കൈയേറി 1964 നിയമപ്രകാരം ഉണ്ടാക്കിയ ഉണ്ടാക്കിയ വ്യാജപട്ടയങ്ങൾ കൊട്ടക്കാമ്പൂരിൽ റദ്ദ് ചെയ്തിട്ടുണ്ടെന്നും ഇപ്രകാരമുള്ള കൈയേറ്റങ്ങൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നും കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിരിന്നുവെങ്കിൽ ഈ വിവാദ ഉത്തരവ് ഒഴിവാക്കാൻ കഴിയുമായിരുന്നു.
മുന്നാർ, കൊട്ടകാമ്പൂർ മേഖലയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസുകളിൽ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടാണ് ജില്ലയെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവുകൾക്ക് കാരണമായത്. ദുരിത നിവാരണ നിയമപ്രകാരം 10 പഞ്ചായത്തുകളിൽ നിർമ്മാണം നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവും, ഭൂ പതിവ് ചട്ടം ലംഘിച്ചുള്ള നിർമ്മാണം തടയാൻ ഇറക്കിയ ഉത്തരവും ഇതിന്റെ ഭാഗമാണ്. ജില്ലയിലെഏതാനും ചില കൈയേറ്റക്കാരെ സംരക്ഷിക്കാൻ കുടിയേറ്റ കൃഷിക്കാരെ ഒറ്റ് കൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കൈയേറ്റകാർക്കെതിരെ കർശനനടപടി സ്വീകരിച്ച് ജില്ലയിലെ കുടിയേറ്റ കൃഷിക്കാരെ സംരക്ഷിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധം ഉണ്ടാകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.