തൊടുപുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇനി കുട്ടികളുടെ കിടത്തി ചികിത്സയ്ക്ക് കൂടുതൽ സൗകര്യം. നിർമ്മാണം പൂർത്തിയാക്കിയ കുട്ടികളുടെ വാർഡ് തുറന്നുനൽകി. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അദ്ധ്യക്ഷനായി. രണ്ട് കോടി രൂപ ചെലവഴിച്ചാണ് ഈ മൂന്നുനില കെട്ടിടം നിർമ്മിച്ചത്. ഇരുപതോളം കുട്ടികളെ കിടത്തി ചികിത്സിക്കാനാവുന്ന തരത്തിൽ അഞ്ച് ബെഡുകൾ വീതമുള്ള നാല് വാർഡുകൾ ഒരുക്കിയിട്ടുണ്ട്. കൺസൾട്ടിങ് മുറി, ട്രീറ്റ്‌മെന്റ് മുറി, നഴ്‌സിങ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഭാവിയിൽ ലിഫ്‌റ്റ് സംവിധാനം ഏർപ്പെടുത്താനാവുന്ന തരത്തിലാണ് നിർമ്മാണം. കുട്ടികളുടെ ചികിത്സയിൽ ആയുർവേദത്തിന്റെ കൂടുതൽ സാദ്ധ്യതകൾ നിലനിൽക്കുമ്പോൾ ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ പൊതുജനത്തിന് ഗുണകരമാകും. തൊടുപുഴ പൊതുമരാമത്ത് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. നിലവിൽ 100 ബെഡുകളാണ് ആശുപത്രിയിലുള്ളത്. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതിയംഗങ്ങളായ കെ.ജി. സത്യൻ, ഇന്ദു സുധാകരൻ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ പി. ജയ്നി, ആശുപത്രി സൂപ്രണ്ട് ബി.എസ്. മിനി, ചീഫ് മെഡിക്കൽ ഓഫീസർ ജോർജ് മാത്യു, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി കെ. സുധീപ്, എം.ജെ. ജേക്കബ് എന്നിവർ സംസാരിച്ചു.