തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിൽ നടക്കുന്ന പുനഃപ്രതിഷ്ഠാമഹോത്സവത്തിന്റെ വൈദിക ചടങ്ങുകൾ ആരംഭിച്ചു.അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ബാലാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം നവീകരിച്ച ശ്രീകോവിലിലേയ്ക്ക് മാറ്റി. തുടർന്ന് വിവിധങ്ങളായ കലശപൂജകളും ഹോമങ്ങളും നടന്നു. വൈകിട്ട് വിശേഷാൽ ദീപരാധനയ്ക്കു ശേഷം ആചാര്യവരണം , മുളയിടൽ , പ്രാസാദശുദ്ധി , രക്ഷോഘ്‌നഹോമം , വാസ്തുഹോമം , വാസ്തുബലി , വാസ്തു കലശമാടി വാസ്തു പുണ്യാഹം തുടങ്ങിയ കർമ്മങ്ങൾ നടന്നു.. വൈകിട്ട് 6.30 മുതൽ വേദിയിൽ ശ്രീരുദ്ര തിരുവാതിരസംഘത്തിന്റെ തിരുവാതിര, പാലാ രാഗമാലികയുടെ നൃത്തനൃത്യങ്ങൾ , ശിവരഞ്ജിനി വോയിസ് അവതരിപ്പിച്ച ഭക്തിഗാനമേള തുടങ്ങിയ കലാപരിപാടികളും നടന്നു.
ശ്രീമഹാദേവക്ഷേത്രത്തിന്റെ ഐതിഹ്യപ്പെരുമയും ചരിത്രവും ക്ഷേത്രകീർത്തനങ്ങളും ഉൾപ്പെടുത്തിയ ശിവദം എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യപുരോഹിതൻ സുബ്രഹ്മണ്യ അഡിഗയാണ് സ്വാമി ജ്ഞാനാമൃതാനന്ദപുരിയ്ക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തത്.
ഇന്ന് രാവിലെ മുതൽ ചതുഃശുദ്ധി , ധാര , പഞ്ചകം തുടങ്ങിയ കലശപൂജകളും തത് കലശാഭിഷേക പൂജകളും പ്രോക്തഹോമവും നടക്കും. വൈകിട്ട് വിശേഷാൽ ദീപാരാധനയും തുടർന്ന് വേദിയിൽ രാധാമാധവം മാതൃസമിതിയുടെ തിരുവാതിരയും, നൃത്തനൃത്യങ്ങളും, മൂവാറ്റുപുഴ നാദബ്രഹ്മം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധയും നടക്കും.