pullumedu

പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്താൽ സായൂജ്യമടഞ്ഞ് ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.46 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ ജ്യോതിയെ വണങ്ങി. 6340 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദർശനത്തിന് പുല്ലുമേട്ടിലെത്തിയത്.
സത്രം വഴി 2822 പേരും കോഴിക്കാനം വഴി 1289 പേരും എത്തി. ശബരിമലയിൽ നിന്നും 3870 പേരാണ് എത്തിയത്. ഇതിൽ 1641 പേര് മകരജ്യോതി ദർശനത്തിന് മുന്നേ മടങ്ങി.പുല്ലുമേട്ടിൽ എത്തിയ അയ്യപ്പൻമാർ മകരജ്യോതി ദിനത്തിലെ സായംസന്ധ്യയെ ശരണം വിളികളാൽ മുഖരിതമാക്കി. മകരജ്യോതി ദർശിച്ച ശേഷം ഏഴ് മണിയോടെയാണ് പുല്ലുമേട്ടിൽ നിന്നും ഭക്തരുടെ മടക്കം തുടങ്ങിയത്.