തൊടുപുഴ: ദേശീയ ശാസ്ത്ര കോൺഗ്രസിന് ധനസഹായം നിഷേധിച്ചത് കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര വിരുദ്ധയുടെ തെളിവാണെന്നും ഇതുവഴി ഇന്ത്യയുടെ ഭാവി വികസന സാദ്ധ്യതകളെ ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് പരിഷത്ത് വാർഷികം വിലയിരുത്തി. ശാസ്ത്രത്തിനെതിരായ നീക്കങ്ങൾ അടിസ്ഥാനപരമായി ജനാധിപത്യ ഇന്ത്യയുടെ നിലനില്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ ശാസ്ത്ര കോൺഗ്രസിന് ധനസഹായം നിഷേധിച്ച കേന്ദ്ര സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് തൊടുപുഴ മേഖല വാർഷികം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഷികം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ. കെ.കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷികത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.
രവിപ്രകാശ് സംഘടനാ രേഖയും പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി പി.ആർ.നാരായണനും വരവ് ചെലവ് കണക്ക് ട്രഷറർ എം.കെ. അഭിലാഷും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയിൽ സന്തോഷ് ടി.കെ, ജെ. സുജാത, പി.എം. ഷാജി, സി.സി. മോഹനൻ, കെ.ഒ. തങ്കച്ചൻ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഡോ. കെ.കെ. ഷാജി, വൈസ് പ്രസിഡന്റുമാരായി ജലജകുമാരി വി.എൻ, യമുന വിജയൻ , സെക്രട്ടറി കെ.പി. ഹരിദാസ്, ജോയിന്റ് സെക്രട്ടറിമാരായി കെ.പി. സന്തോഷ്, ഇ.എ. നുസൈഫ, ട്രഷറർ സി.സി. മോഹനൻ എന്നിവിരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് വി.വി. ഷാജി നേതൃത്വം നൽകി. വാർഷികത്തിന് പി.ആർ. നാരായണൻ സ്വാഗതവും കെ.പി. സന്തോഷ് നന്ദിയും പറഞ്ഞു വാർഷികത്തോടനുബന്ധിച്ച് ഗ്രാമ ശാസ്ത്ര ജാഥയും നടന്നു.