കട്ടപ്പന: ഇരട്ടയാർ ചെമ്പകപ്പാറ പള്ളിക്കാനത്തിന് സമീപം ബസിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊച്ചു കാമാക്ഷി സ്വദേശി പെരുമ്പേറ്റ് പ്രജിയാണ് (40) മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പള്ളിക്കാനത്ത് പാട്ടത്തിനെടുത്ത റബ്ബർ തോട്ടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. തോപ്രാംകുടിക്ക് പോകുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോൾ പിടിവിട്ട് റോഡിൽ വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പരിക്കേറ്റ് കിടന്ന പ്രജിയെ പ്രദേശവാസികൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തങ്കമണി പൊലീസ് അന്വേഷണം ആരംഭിച്ചു.