നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസിലും ഒട്ടേറെ പരാതികളെത്തിയിരുന്നു

തൊടുപുഴ: കഴിഞ്ഞ വർഷം ജില്ലയിൽ പ്രകൃതി ക്ഷോഭത്തെ തുടർന്ന് 7.80 കോടിയുടെ കൃഷി നശിച്ചു. 4273 കർഷകരുടെ 827 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് കഴിഞ്ഞ ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നശിച്ചത്. എന്നാൽ ഓരോ വർഷവും കൃഷി നാശത്തിന്റെ പേരിൽ കർഷകർക്ക് ആയിരങ്ങളുടെ നഷ്ടം സംഭവിക്കുമ്പോഴും ഇതിന്റെ നഷ്ടപരിഹാരം ലഭിക്കാൻ വരുന്ന കാലതാമസം ഇവരെ ദുരിതത്തിലാക്കുകയാണ്. കണക്കനുസരിച്ച് 2021 മേയ് വരെയുള്ള കൃഷി നാശത്തിന്റെ നഷ്ടപരിഹാരമാണ് ഇതുവരെ നൽകിയിരിക്കുന്നത്. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെന്നു കാട്ടി മുഖ്യമന്ത്രിയുടെ നവകേരള സദസിലും ഒട്ടേറെ പരാതികളെത്തിയിരുന്നു. നഷ്ടപരിഹാരം ലഭിക്കാൻ വൈകുന്നത് വീണ്ടും കൃഷിയിറക്കാനുള്ള കർഷകരുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. വിള നാശം മൂലം ആയിരങ്ങളുടെ നഷ്ടം സംഭവിച്ച ഒട്ടേറെ കർഷകർ ജില്ലയിലുണ്ട്. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ലഭിക്കുമ്പോൾ കൃഷി ഉദ്യോഗസ്ഥരെത്തി പ്രഥമ വിവര ശേഖരണം നടത്തുമെങ്കിലും നഷ്ടപരിഹാരം വൈകുന്നതാണ് ഇവർക്ക് തിരിച്ചടിയാകുന്നത്.

കൂടുതൽ നാശം കട്ടപ്പനയിൽ

കട്ടപ്പന ബ്ലോക്കിലാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിളനാശമുണ്ടായത്. 945 കർഷകർക്കായി 1.70 കോടിയുടെ നഷ്ടമാണുണ്ടായത്. 575 ഹെക്ടർ സ്ഥലത്ത് കൃഷി നാശമുണ്ടായി. പീരുമേട് ബ്ലോക്കിൽ 1.65 കോടിയുടെ കൃഷി നാശമുണ്ടായി. 438 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 930 കർഷകർക്കാണ് നഷ്ടമുണ്ടായത്. ദേവികുളം ബ്ലോക്കിൽ 325 കർഷകർക്കായി 1.10 കോടി, ഇളംദേശത്ത് 374 കർഷകർക്കായി 51 ലക്ഷം, ഇടുക്കിയിൽ 614 കർഷകരുടേതായി 97 ലക്ഷം, നെടുങ്കണ്ടത്ത് 234 കർഷകർക്കായി 48 ലക്ഷം, തൊടുപുഴയിൽ 653 കർഷകർക്കായി 79 ലക്ഷം എന്നിങ്ങനെയാണ് കൃഷി നാശത്തിന്റെ കണക്ക്.

നിലംപൊത്തി വാഴകൃഷി
കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വാഴകൃഷിയ്ക്കാണ് കനത്ത നാശം സംഭവിച്ചത്. കുലച്ച 54,729 വാഴകളാണ് പ്രകൃതിക്ഷോഭത്തിൽ തകർന്നത്. 1121 കർഷകർക്ക് 3.28 കോടിയുടെ നഷ്ടമുണ്ടായി. കുലയ്ക്കാത്ത വാഴകൾ 22,894 എണ്ണവും നശിച്ചു. 91 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കായ്ഫലമുള്ള കുരുമുളക് ചെടികൾ 19,071 എണ്ണമാണ് നശിച്ചത്. 464 കർഷകർക്കായി 1.43 കോടിയുടെ നഷ്ടമുണ്ടായി. 65 കർഷകരുടെ കായ്ക്കാത്ത കുരുമുളക് ചെടികൾ 1530 എണ്ണവും നശിച്ചു. 101 ഹെക്ടർ സ്ഥലത്തെ ഏലവും നശിച്ചിരുന്നു. 713 കർഷകർക്കാണ് 70 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടത്. 118 കർഷകരുടെ ടാപ്പു ചെയ്യുന്ന 1199 റബർ മരങ്ങൾ കടപുഴകി നശിച്ചു. 23.98 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 70 കർഷകരുടെ ടാപ്പ് ചെയ്യാത്ത 1625 എണ്ണവും നശിച്ചു. കാപ്പി,​ ജാതി,​ തെങ്ങ്,​ കശുമാവ്,​ കമുക്,​ കൊക്കോ,​ മരച്ചീനി,​ പച്ചക്കറി,​ കരിമ്പ് എന്നിങ്ങനെ ആയിരക്കണക്കിന് വിള നശിച്ച ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.