പെരുന്നന്താനം: കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര പെരുവന്താനം ഗ്രാമപഞ്ചായത്തിലെത്തി. എസ്. ബി. ഐ പെരുവന്താനം ശാഖയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പെരുവന്താനം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി വി. എൻ ഉദ്ഘാടനം ചെയ്തു. എസ്. ബി. ഐ പെരുവന്താനം ശാഖാ മാനേജർ ശ്രീലക്ഷ്മി കെ. ആർ അദ്ധ്യക്ഷയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജിയണൽ ബിസിനസ് ഓഫീസർ ഗ്രീഷ്മ റിച്ചാർഡ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.
കൃഷി വിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞൻ ഡോ. സുധാകർ സൗന്ദരാജ് കേന്ദ്ര പദ്ധതികളുടെ വിശദീകരണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ വിജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ കുഞ്ഞുമോൾ ശിവദാസൻ, കൃഷി ഓഫീസർ പി. രാഖി, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി ഡോ. ഗിന്നസ് മാടസ്വാമി, ഫാക്ട് പ്രതിനിധി ഗോകുൽ ഗോപി തുടങ്ങിയവർ സംസാരിച്ചു.
കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് ജോഷി മഹാത്മ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.