chinjurani

തൊടുപുഴ: ഭക്ഷ്യവിഷബാധ മൂലം 13 പശുക്കളെ നഷ്ടപ്പെട്ട വെള്ളിയാമറ്റത്തെ കുട്ടിക്കർഷകർക്ക് ആശ്വാസമേകി മന്ത്രി ചിഞ്ചുറാണിയെത്തി. കെ.എൽ.ഡി.ബിയുടെ മാട്ടുപ്പെട്ടി ഫാമിൽ നിന്നെത്തിച്ച അത്യുത്പാദനശേഷിയുള്ള എച്ച്.എഫ് ഇനത്തിൽപ്പെട്ട അഞ്ച് പശുക്കളെ മൃഗസംരക്ഷണ മന്ത്രി കുട്ടികൾക്ക് കൈമാറി.
സംസ്ഥാന സർക്കാരിന്റെ മികച്ച ക്ഷീരകർഷകനുള്ള പുരസ്​കാരം നേടിയ മാത്യു ബെന്നിയെന്ന കുട്ടിക്കർഷകന്റെ 13 പശുക്കളാണ് കഴിഞ്ഞമാസം ഭക്ഷ്യവിഷബാധയേറ്റ് ചത്തത്. അന്ന് വീട് സന്ദർശിച്ച മന്ത്രി സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നു.

അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാർഗമായിരുന്നു ഈ പശുക്കൾ. സർക്കാർ സഹായം ഏറെ ആശ്വാസമായെന്ന് അമ്മ ഷൈനി പറഞ്ഞു. ഇൻഷ്വർ ചെയ്ത പശുക്കളെയാണ് നൽകിയത്. ഇതിനോടൊപ്പം മിൽമ നൽകുന്ന 45000 രൂപയുടെ ചെക്കും കേരള ഫീഡ്‌​സ് നൽകുന്ന ഒരു മാസത്തേക്കാവശ്യമായ കാലിത്തീറ്റയും മന്ത്രി കൈമാറി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സൗജന്യമായി കറവ യന്ത്രം നൽകുമെന്നറിയിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും പശു വളർത്തൽ കൂടുതൽ ഊർജ്ജിതമാക്കുമെന്നും മാത്യു ബെന്നി പറഞ്ഞു.

മാത്യു ബെന്നിയുടെ ഫാമിൽ നടന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ, കെ.എൽ.ഡി ബോർഡ് എം.ഡി ഡോ. ആർ.രാജീവ്, ഉദ്യോഗസ്ഥർ, മിൽമ പ്രതിനിധികൾ, ക്ഷീരകർഷകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

"കുട്ടിക്കർഷകർക്ക് പശുക്കൾ നഷ്ടപ്പെടാനിടയാക്കിയ സംഭവത്തിന് ശേഷം പശുക്കൾക്ക് നൽകേണ്ട തീറ്റയെയും പരിചരണത്തെയും സംബന്ധിച്ച് ക്ഷീരകർഷകരിൽ അവബോധം സൃഷ്ടിക്കാൻ നിയോജക മണ്ഡലാടിസ്ഥനത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരുമായി ചേർന്ന് സമഗ്ര ഇൻഷ്വറൻസ് പദ്ധതിയും നടപ്പാക്കും"

മന്ത്രി ചിഞ്ചുറാണി