vanithacommition

ഇടുക്കി: ഉന്നത വിദ്യാഭ്യാസത്തിന് അവസരം നൽകാതെ പെൺകുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്ന പ്രവണ സംസ്ഥാനത്ത് എല്ലായിടത്തുമുണ്ടെന്നും പട്ടികവർഗ മേഖലയിൽ ഇതിന്റെ വ്യാപ്തി വളരെ കൂടുതലാണെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവർഗ മേഖല ജില്ലാതല ക്യാമ്പിന്റെ ഭാഗമായി മറയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അദ്ധ്യക്ഷ.
പട്ടികവർഗ മേഖലയിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം. വിദ്യാഭ്യാസത്തിനിടയിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു തടയിടേണ്ടതുണ്ട്. . പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പൈലറ്റ് പരിശീലനം ഉൾപ്പെടെ ഒരുക്കി നൽകി കൈപിടിച്ചു ഉയർത്താനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നത്.
മറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാണി, അഡ്വ. പി. കുഞ്ഞായിഷ, പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷ ഹെന്റി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. വിജയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കം പരമശിവം, അംബിക രഞ്ജിത്ത്, റോസ് മേരി, അശ്വതി, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, എസ്.എ. നജീം, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.എം. ജോളി, സി ഡി എസ് വൈസ് ചെയർപേഴ്‌സൺ ശുഭ എന്നിവർ സംസാരിച്ചു.
പട്ടികവർഗ മേഖലയിൽ സർക്കാർ നടത്തുന്ന പദ്ധതികൾ എന്ന വിഷയം മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സുദീപ് കുമാറും ലഹരിയുടെ വിപത്ത് എന്ന വിഷയം ജനമൈത്രി എക്‌​സൈസ് സ്​ക്വാഡ് പ്രിവന്റീവ് ഓഫീസർ പി.എച്ച്. ഉമ്മറും അവതരിപ്പിച്ചു.
ഇന്ന് രാവിലെ 8.30ന് മറയൂരിലെ നെല്ലിപ്പെട്ടി കുടിയിലെ വീടുകൾ വനിതാ കമ്മിഷൻ സന്ദർശിക്കും. രാവിലെ 11ന് മറയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ചേരുന്ന ഏകോപനയോഗം വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.