​സമരം ഇന്ന് മുതൽ തഹസിൽദാരുടെ ഓഫീസിന് മുൻപിൽ

തൊടുപുഴ: കൈവശമുള്ള വസ്തുവിന് പട്ടയം നിഷേധിച്ചതിൽ നവകേരള സദസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വയോധികയായ വീട്ടമ്മ ഇന്ന് മുതൽ തൊടുപുഴ തഹസിൽദാരുടെ ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തും. ആലക്കോട് കലയന്താനി കുറിച്ചിപ്പാടം ആലയ്ക്കൽ അമ്മിണി (73) യാണ് സമരം നടത്തുന്നത്. 1975 മുതൽ കലയന്താനി പാത്തിക്കപ്പാറ ഭാഗത്ത് സർക്കാർ തരിശ് ഭൂമിയിൽ കുടിൽകെട്ടി താമസിച്ചു വന്നിരുന്നതാണ് താനും ഭർത്താവ് കൊച്ചുകുഞ്ഞും എന്ന് അമ്മിണി പറയുന്നു. 1995 ൽ വെള്ളിയാമറ്റം പഞ്ചായത്തിൽ നിന്നും ചെറിയ വീട് നിർമിച്ച് നൽകിയിട്ടുണ്ട്. വൈദ്യുതി കണക്ഷനും വീട്ടു നമ്പരിൽ റേഷൻകാർഡും ഉണ്ട്. ഇക്കാലം മുതൽ പട്ടയം ലഭിക്കുന്നതിന് നിരവധി അപേക്ഷകൾ നൽകിയിരുന്നു. 2003 ൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഫയൽ നിലവിലുണ്ട്. എന്നാൽ വസ്തുവിനോട് ചേർന്നുള്ള വ്യക്തി തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്ഥലം അതിക്രമിച്ച് കയറി ഷെഡ് നിർമിച്ചതായി അമ്മിണി പറയുന്നു. ഇതു സംബന്ധിച്ച് നൽകിയ പരാതിയിൽ തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഷെഡ് പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ തങ്ങളുടെ വസ്തുവിന് പട്ടയം നൽകാനുള്ള അപേക്ഷ നിരസിക്കപ്പെടുകയാണ്. ഭർത്താവ് കൊച്ച് കുഞ്ഞ് 2017 ൽ മരിച്ചു. തങ്ങളുടെ സ്ഥലം കൈയറിയ വസ്തുവിന് എതിർ കക്ഷിക്ക് പട്ടയം നൽകിയതായും അമ്മിണി പറയുന്നു. ഇക്കാര്യം ഉന്നയിച്ച് നവകേരള സദസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ഇന്നു മുതൽ തൊടുപുഴ തഹസിൽദാരുടെ ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നും അമ്മിണി പറഞ്ഞു.