സാധാരണക്കാർക്ക് ചികിൽസ ലഭ്യമാക്കുന്നതിൽ വീഴ്ച്ച വരുത്തുന്നതിൽ മനുഷ്യാവകാശകമ്മീഷന്റെ ഇടപെടൽ
ഇടുക്കി : കൊക്കയാർ പഞ്ചായത്തിലെ മേലോരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി അർഹിക്കുന്ന പ്രാധാന്യത്തോടെ നിരന്തരമായ അവലോകനങ്ങൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊക്കയാർ ഗ്രാപഞ്ചായത്തിനും ജില്ലാ മെഡിക്കൽ ഓഫീസർക്കുമാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകാറില്ലാത്തതിനാൽ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സാധാരണക്കാരും ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണെന്ന പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. കൊക്കയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ 24 ജീവനക്കാരുണ്ടെന്നും ഇതിൽ 12 പേർ ഫീൽഡ്തല ഉദ്യോഗസ്ഥരാണെന്നും റിപ്പോർട്ടിലുണ്ട്. 12 തസ്തികകളിൽ 2 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ഒ. പിയിൽ വരുന്ന രോഗികളുടെ എണ്ണം കുറവായതിനാൽ ഒരു ഡോക്ടറുടെയും അറ്റൻഡറുടെയും സേവനം പെരുവന്താനം പി എച്ച് സിയിൽ പുനർവിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ചകളിൽ കൊക്കയാർ സബ്‌സെന്ററിൽ ഒ. പി. നടത്താറുണ്ട്. ഈ ദിവസം മേലോരം പി എച്ച് സി യിൽ ജീവനക്കാരുടെ സേവനം പരിമിതപ്പെടുത്താറുണ്ട്. യാത്രാ സൗകര്യം പരിമിതമായതിനാൽ മേലോരം പി എച്ച് സി യിലെത്തുന്ന രോഗികളുടെ എണ്ണം കുറവാണ്. എന്നാൽ ഇവിടെത്തെ സേവനം തടസ്സപ്പെട്ടിട്ടില്ല. ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജരാകാറുണ്ടെന്നും സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബുധനാഴ്ച മാത്രമാണ് മേലോരം കുടുംബാരോഗ്യകേന്ദ്രത്തിൽ ജീവനക്കാർ വരുന്നതെന്നും റിപ്പോർട്ട് അവാസ്തവമാണെന്നും പരാതിക്കാരനായ എബ്രഹാം ഈറ്റയ്ക്കൽ കമ്മീഷനെ അറിയിച്ചു. ജീവനക്കാരുടെ അനാസ്ഥ കാരണമാണ് രോഗികൾ മറ്റ് ആശുപത്രികളിലേയ്ക്ക് പോകുന്നതെന്നും പരാതിക്കാരൻ പറഞ്ഞു.
'കുടുംബാരോഗ്യകേന്ദ്രത്തിൽ പഞ്ചിംഗ് മെഷീൻ സ്ഥാപിക്കണം. സ്ഥാപനത്തിന് ഒരേക്കർ സ്ഥലം സ്വന്തമായുണ്ട്. ഇവിടെ ആവശ്യമായ കെട്ടിട നിർമ്മാണം നടത്തണം'
എബ്രഹാം ഈറ്റയ്ക്കൽ
പരാതിക്കാരൻ