ട്രാൻസ്ജെൻഡർ ഫെസ്റ്റിൽ കലാപരിപാടികൾക്ക് അപേക്ഷിക്കാം
ഇടുക്കി: വർണ്ണപ്പകിട്ട് എന്നപേരിൽ ഫെബ്രുവരി 10,11 തീയതികളിൽ ത്യശൂരിൽ നടത്തുന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റിൽ കലാപരിപാടികളിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന ട്രാൻസ്ജെൻഡർ നയത്തിന്റെ ഭാഗമായി ഇത്തരം വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിക്കാനും പൊതുസമൂഹത്തിൽ ദ്യശ്യത പ്രോത്സാഹിപ്പിക്കാനുമാണ് ട്രാൻസ്ജെൻഡർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.സംസ്ഥാന ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് ജില്ലാതലത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർ കുടുതലുണ്ടെങ്കിൽ ജില്ലാതലത്തിൽ സ്‌ക്രീനിംഗ് നടത്തിയാവും തെരഞ്ഞെടുപ്പ്. ട്രാൻസ്ജെൻഡർ ഐ. ഡി കാർഡ് ഉളളവർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നേരിട്ടോ തപാൽ അല്ലെങ്കിൽ ഇ മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വ്യക്തിഗത ഇനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുടി, സെമിക്ലാസ്സിക്കൽ ഡാൻസ്, ലളിതഗാനം, മിമിക്രി, കവിതാപാരായണം, മോണോആക്ട്, പ്രച്ഛന്നവേഷം, നാടൻപാട്ട്, ഗ്രൂപ്പിനങ്ങളായ തിരുവാതിര, ഒപ്പന, സംഘനൃത്തം എന്നിവയിലാണ് സംസ്ഥാന ഫെസ്റ്റിൽ പങ്കെടുക്കുവാൻ കഴിയുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25. കുടുതൽ വിവരങ്ങൾ വകുപ്പിന്റെ വെബ്സൈറ്റായ sjd.kerala.gov.in ല്‍ ലഭിക്കും.