തൊടുപുഴ: അർബുദ രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലയിലെ കാൻസർ രോഗികളുടെ വിവരശേഖരണം നടത്തുന്നു. കാൻസർ രോഗികളുടെ എണ്ണം, വ്യാപന തോത്, ഇനങ്ങൾ, കാരണം എന്നിവ മനസിലാക്കുകയും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം. കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഇടുക്കിയിൽ ജില്ലാ പഞ്ചായത്ത്, സ്വകാര്യ ആശുപത്രികൾ, ആരോഗ്യ വകുപ്പ്, എൻ.എച്ച്.എം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാൻസർ ബാധിച്ച നൂറുകണക്കിന്‌ രോഗികൾ ജില്ലയിലും മറ്റു ജില്ലകളിലുമായി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ കുട്ടികളും ഉൾപ്പെടും. പലരും രോഗം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ചിലരാവട്ടെ രോഗം മനസിലാകാത്തവരാണ്. കണക്ക് വെളിപ്പെടുത്താൻ പലരും തയ്യാറാവുന്നില്ലെന്ന് മാത്രമല്ല പല കുടുംബങ്ങളും രോഗവിവരം മറച്ചു വയ്ക്കുന്ന സാഹചര്യവുമുണ്ട്.

ഇതേക്കുറിച്ച് പഠിക്കാനോ ആവശ്യമായ നടപടികൾ സ്വികരിക്കാനോ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതിനിടെയാണ് അർബുദരോഗ ബാധിതയുടെ എണ്ണം കണ്ടെത്തി തുടർ ചികിത്സയടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ രജിസ്ട്രി ഒരുങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം രജിസ്ട്രറിയുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ ഷീബജോർജിന്റെ നേതൃത്വത്തിൽ നടന്നയോഗത്തിൽ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. പി.ജി. ബാലഗോപാൽ, ആർ.എം.ഒ ഡോ. പോൾ ജോർജ്, ഡെപ്യൂട്ടി കളക്ടർ അരുൺ നായർ, ബിൻസിയ, അലൻ ജോസ്, സ്വകാര്യ ആശുപത്രി പ്രതിനിധികൾ എന്നിവർ പങ്കെടുത്തിരുന്നു.

സൗകര്യങ്ങളുടെ

അഭാവം വെല്ലുവിളി
തൊടുപുഴ ജില്ലാ ആശുപത്രിയിലെ കീമോ തെറാപ്പി യൂണിറ്റ് ഉണ്ടെങ്കിലും കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്ക്കും മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ജില്ലയിൽ നിന്നുള്ള രോഗികൾക്ക് ഏറ്റവും അടുത്തുള്ള ചികിത്സാകേന്ദ്രം കിലോമീറ്ററുകൾ അകലെയുള്ള കോട്ടയം മെഡിക്കൽ കോളേജോ എറണാകുളം ജില്ലയിലെ ആശുപത്രികളോ ആണ്.

രോഗികളുടെ

എണ്ണത്തിൽ വർദ്ധന

ജില്ലയിൽ ഓരോ വർഷവും കാൻസർ രോഗികളുടെ എണ്ണത്തിൽ 10- 15 ശതമാനം വർദ്ധന ഉണ്ടാകുന്നതായാണു ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സ്തനാർബുദം, ശ്വാസകോശ അർബുദം എന്നിവയാണ് കൂടുതലായും കണ്ടുവരുന്നത്. തോട്ടംമേഖലയിൽ അർബുദ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് ആരോഗ്യ പ്രവർത്തകരെ പോലും ആശങ്കപ്പെടുത്തുന്നുണ്ട്.