തൊടുപുഴ: തൊഴിൽ മേഖലയിൽ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അവതരിപ്പിച്ച് സ്ത്രീ തൊഴിലാളികൾ. കേരളത്തിലെ ഹോട്ടൽ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് കേരള വനിതാ കമ്മിഷൻ തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിലാണ് സ്ത്രീ തൊഴിലാളികൾ തങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചത്. ഇരിക്കാൻ അനുവദിക്കാതെ തുടർച്ചയായി നിറുത്തി ജോലി ചെയ്യിക്കുന്ന സാഹചര്യം, പാർട്ട് ടൈം സ്വീപ്പേഴ്‌സിനെ കൂടുതൽ സമയം ജോലി ചെയ്യിക്കുക, ഇവരെ കൊണ്ട് ഇതര ജോലികളും ചെയ്യിക്കുന്നു എന്നീ പരാതികൾ എത്തിയവർ ഉന്നയിച്ചു. ഇക്കാര്യത്തിൽ കൃത്യമായ വ്യവസ്ഥ തയ്യാറാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 10 മുതൽ 20 പേർ വരെ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും എമർജൻസി മെഡിക്കൽ കിറ്റ് അല്ലെങ്കിൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം വേണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. തൊഴിൽ നിയമങ്ങൾ, സേവന വേതന വ്യവസ്ഥകൾ എന്നിവയെ കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഇതിനായി അവബോധ ക്ലാസ് നടത്തണമെന്നും ആവശ്യമുയർന്നു. തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് ഇടവേളകളിൽ ഇരുന്ന് വിശ്രമിക്കുന്നതിന് കേരള സർക്കാർ നടത്തിയ നിയമനിർമ്മാണം വിപ്ലവകരമാണെന്ന് പബ്ലിക് ഹിയറിംഗ് വിലയിരുത്തി. ആർത്തവ കാലത്ത് തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾക്ക് ആവശ്യമായ വിശ്രമം അനുവദിക്കണം. കുറഞ്ഞ കൂലി നൽകി കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കാൻ തൊഴിൽ ഉടമകൾ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. അവകാശങ്ങൾ നേടിയെടുക്കുന്നതിന് സ്ത്രീകൾ ഒറ്റക്കെട്ടായി നിൽക്കണം. സബ്‌സിഡി പിൻവലിച്ചതിനാൽ ജനകീയ ഹോട്ടലുകളിൽ ഊണിന്റെ നിരക്ക് 50 രൂപയാക്കി ഉയർത്തണം തുടങ്ങിയ ചർച്ചകളും യോഗത്തിൽ ഉയർന്നു വന്നു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി, ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, ജില്ലാ ലേബർ ഓഫീസർ ആർ. സ്മിത, അസിസ്റ്റന്റ് ലേബർ ഓഫീസർ അബി സെബാസ്റ്റ്യൻ, വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിച്ചു. കേരളത്തിലെ ഹോട്ടൽ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ച ഡെപ്യൂട്ടി ലേബർ ഓഫീസർ പി.എം. ഫിറോസ് നയിച്ചു.

തൊഴിലുറപ്പ് പദ്ധതി വലിയ

മാറ്റങ്ങൾക്ക് വഴിയൊരുക്കി: പി. സതീദേവി

തൊഴിലുറപ്പ് പദ്ധതി വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി കൂടുതൽ പ്രയോജനപ്പെടുത്തുന്നത് സ്ത്രീകളാണ്. കൃഷിപ്പണികൾ, കെട്ടിട നിർമ്മാണം തുടങ്ങിയവ ഉൾപ്പെടെയുള്ളവ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീകൾ ഇന്ന് ചെയ്യുന്നുണ്ട്. പുതിയ തലമുറയ്ക്ക് വിവിധ തൊഴിൽ മേഖലകളിൽ മുന്നേറ്റം കൈവരിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യങ്ങളും പരിരക്ഷയും സ്ത്രീകൾക്ക് പൂർണമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തൊഴിൽ മേഖലയിൽ പുരുഷനും സ്ത്രീക്കും ലഭിക്കുന്ന കൂലിയിൽ അന്തരം നിലനിൽക്കുന്നുണ്ട്. വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രസവാനുകൂല്യം തൊഴിലുടമകൾ ലഭ്യമാക്കുന്നില്ലെന്ന പരാതികൾ വനിത കമ്മിഷന് ലഭിക്കുന്നുണ്ട്. അൺ എയ്ഡഡ് മേഖലയിൽ അദ്ധ്യാപകർ ഉൾപ്പെടെ വനിതാ ജീവനക്കാർക്ക് തങ്ങളുടെ ശമ്പളം എത്രയാണെന്ന് കൃത്യമായി പറയാൻ സാധിക്കാത്ത വിധം ചൂഷണത്തിന് ഇരകളാകുന്നുണ്ട്. പ്രശ്‌നങ്ങൾ തുറന്നു പറയാൻ തയ്യാറായി സ്ത്രീകൾ മുന്നോട്ടു വരണം. പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി വിവിധ മേഖലകളിലെ സ്ത്രീകളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് ബോധവത്കരണം നൽകുന്നുണ്ടെന്നും സതീദേവി പറഞ്ഞു.