salim
കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഉള്ള പൊതുസമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.സലിം കുമാർ ഉദ്ഘാടനം ചെയ്യുന്നു

മൂന്നാർ: കേരളത്തിലെ കുടിയേറ്റ കർഷകർക്ക് ഗുണപ്രദമാകുന്നതരത്തിൽ ഭൂമി പതിവ് നിയമവും ചട്ടവും ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തെ ഗവർണറെ കൂട്ടുപിടിച്ച് അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന നടപടികൾ തിരിച്ചറിയണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം മൂന്നാർ മാർക്കറ്റ് റോഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സലിംകുമാർ. വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ പി മുത്തുപാണ്ടി അദ്ധ്യക്ഷനായ പൊതുസമ്മേളനത്തിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി പളനിവേൽ, ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി .ബിനിൽ, മുന്നാർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ് കുമാർ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് ശുഭ മുനീഷ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.റ്റി വിജു സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ആൻസ് ജോൺ നന്ദിയും പറഞ്ഞു.

തുടർന്ന് നന്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗാനസന്ധ്യ അരങ്ങേറി.

ഇന്ന് മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ . ജില്ലാ പ്രസിഡന്റ് ഇ കെ അബൂബക്കർ അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ മുൻ ജില്ലാ വൈസ് പ്രസിഡന്റ് കെ വി കൃഷ്ണകുമാറിന് യാത്രയയപ്പ് നൽകും. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ ബിജമോന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യാത്രയയപ്പ് സമ്മേളനത്തിൽ മഹിളാ സംഘം ജില്ലാ സെക്രട്ടറി ജയ മധു ഉപഹാര സമർപ്പണം നടത്തും.