അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആയ ചില്ലിത്തോട് സർക്കാർ മാതൃക ഹോമിയോ ഡിസ്‌പെൻസറിക്ക് എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു. ജില്ലയിലെ 5 ഹോമിയോ ഡിസ്‌പെൻസറികൾക്കാണ് ഈ അംഗീകാരം ലഭിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജാണ് അംഗീകാരം പ്രഖ്യാപിച്ചത്.അടിമാലി പഞ്ചായത്തിലെ മാത്രമല്ല ദൂരസ്ഥലങ്ങളിൽ നിന്ന് വരെയെത്തുന്ന രോഗികളുടെ ആരോഗ്യപരിപാലനത്തിൽ വർഷങ്ങളായി സേവനം നൽകി വരുന്ന സ്ഥാപനമാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും പരിചരണം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യപരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലി രോഗ നിയന്ത്രണം, പാലിയേറ്റീവ് കെയർ, യോഗ പരിശീലനം എന്നിവയും ഇവിടെ ലഭ്യമാണ്. ഹോമിയോപ്പതി വകുപ്പ്. നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനു നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സ്ഥാപനം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തനം തുടരുന്നതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സ്ഥാപനത്തിൽ വച്ച് നടന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗത്തിൽ പങ്കെടുത്ത അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി ഡി ഷാജി എന്നിവർ അറിയിച്ചു.