jellikettu
മധുര അളങ്കനല്ലൂരിൽ നടന്ന ജെല്ലിക്കെട്ട്

മധുര: ഇപ്പോൾ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെത്തിയാൽ നാട്ടുചുമരെഴുത്തുകൾക്കൊപ്പം കാളക്കൂറ്റന്റെയും നാട്ടുവീരന്റെയും ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നത് കാണാം. മാട്ടുപൊങ്കൽ പിറന്നതോടെ സിനിമാ താരങ്ങൾക്ക് പകരം,​​ ചുമരുകളിൽ ഇവരെല്ലാമാണ് തമിഴ്നാടിന്റെ താരങ്ങൾ. നാലാൾ കൂടുന്നിടത്തെല്ലാം ജെല്ലിക്കെട്ടും മാടുവിശേഷങ്ങളും മാത്രം. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നടക്കുന്ന പരമ്പരാഗത കായികവിനോദം മാത്രമല്ല ജെല്ലിക്കെട്ട്,​ അത് തമിഴ് ജനതയുടെ വികാരമാണ്.
ഓരോ വർഷവും ജനുവരിയിൽ പൊങ്കൽ ആഘോഷത്തോടെ തുടക്കമിടുന്ന ജെല്ലിക്കെട്ട് ഉത്സവം ജൂൺ വരെ തുടരും. വിവിധ ഗ്രാമങ്ങളിലായി ചെറുതും വലുതുമായ നാലായിരത്തോളം ജെല്ലിക്കെട്ട് നടക്കുന്നുണ്ട്. തമിഴകത്തെ ഏറ്റവും വലിയ ജെല്ലിക്കെട്ടുകൾ നടക്കുന്നത് അളങ്കനല്ലൂരിലും പാലമേട്ടിലുമാണ്.
മൂന്നുതരം ജെല്ലിക്കെട്ടുകളാണ് പ്രധാനമായും കാണുന്നത്. തുറന്ന മൈതാനത്തേക്ക് ഒന്നിലധികം കാളകളെ ഒരേസമയം ഇറക്കിവിടുന്ന രീതിയും കാത്തുനിൽക്കുന്ന വീരൻമാർക്ക് മുന്നിലേക്ക് ഇടുങ്ങിയ വഴിയിലൂടെ കാള പുറത്തുവരുന്നതുമാണ് വ്യാപകമായി നടക്കുന്നത്. നീണ്ട വടത്തിൽ കാളയെ കെട്ടിയിട്ട് ഏഴംഗസംഘം കീഴ്‌പ്പെടുത്തുന്ന മത്സരവമുണ്ട്. ഇതിൽ യുവാക്കൾക്ക് മുന്നിലേക്ക് ഇടുങ്ങിയ വഴിയിലൂടെ കാള പുറത്തുവരുന്നതാണ് അളങ്കനല്ലൂർ ജെല്ലിക്കെട്ടിന്റെ രീതി.

മുനിയാണ്ടിക്കോവിലുമായി ബന്ധപ്പെടുന്നതാണ് അളങ്കനല്ലൂരിലെ ജെല്ലിക്കെട്ട്. കോവിലിലെ കൂറ്റൻ ശിൽപത്തിന്റെ ദൃഷ്ടി പതിയുന്നിടത്ത് നിന്നാണ് മത്സരത്തിനായി കാളകൾ ഇറങ്ങുക. മത്സരം നടക്കുന്ന സ്ഥലം ചകിരിച്ചോറും പൂഴിയും ഉപയോഗിച്ച് നിറയ്ക്കും. ജെല്ലിക്കെട്ടിന് ആദ്യം കളത്തിലിറങ്ങുന്നത് ക്ഷേത്രക്കാളയാണ്. അതിനെ ആരും പിടിക്കില്ല. ക്ഷേത്രക്കാളയെ വണങ്ങി പ്രാർത്ഥിച്ചാണ് മത്സരം തുടങ്ങുക. കാള ഇറങ്ങുന്ന ഇടുങ്ങിയ വഴിക്ക് 'വാടിവാസൽ' എന്നാണ് പറയുക. മുന്നിലേക്കെത്തുന്നവരെ കുതറിത്തെറിപ്പിക്കാനായുള്ള കാളക്കൂറ്റന്റെ വരവും മരണം മറന്ന് കാളയ്ക്ക് മുന്നിലേക്ക് എടുത്തുചാടുന്ന വീരന്മാരും കാണികളിൽ രോമാഞ്ചമുണ്ടാക്കും. കലിപൂണ്ട് കുതറിയോടുന്ന കാളയുടെ മുതുകിൽ പിടിച്ച് നിശ്ചിതദൂരം വീഴാതെ തൂങ്ങിപ്പോകുന്നവനാണ് വിജയി. വീഴാതെ പിടിച്ചുതൂങ്ങാൻ മത്സരാർത്ഥിയും കുടഞ്ഞുവീഴ്ത്താൻ കാളയും ശ്രമിക്കുന്നിടത്താണ് ജെല്ലിക്കെട്ടിന്റെ ഹരം. മത്സരക്കാളയുടെ വാലിലും കൊമ്പിലും പിടിക്കരുതെന്നും ആയുധങ്ങൾ ഉപയോഗിച്ച് വേദനിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നും നിയമമുണ്ട്. വീരന്മാർക്ക് തൊടാൻപോലും കിട്ടാത്ത കാളയാണ് 'വീരമാട്', മത്സരാർത്ഥികൾ പിടിച്ചുകെട്ടിയത് 'പിടി'മാടാണ്. 'വീര'മാടിന്റെ ഉടമസ്ഥനും 'പിടി'മാടിനെ പിടിച്ചുകെട്ടുന്ന വീരനും അപ്പോൾ തന്നെ സമ്മാനം കിട്ടും. അത് സൈക്കിൾ,​ ബെഡ്,​ സ്വർണ നാണയം തുടങ്ങിയെന്തുമാകാം. അവസാനം ഒന്നാം സ്ഥാനത്തെത്തുന്ന ഇരുക്കൂട്ടർക്കും കാറായിരുന്നു അളങ്കനല്ലൂരിൽ സമ്മാനം. രണ്ടാം സ്ഥാനക്കാർ ബൈക്ക് സ്വന്തമാക്കി.

വിദേശികളടക്കം പതിനായിരങ്ങൾ

സ്പെയിനിലെ കാളപ്പോരിനെ അനുസ്മരിപ്പിക്കുന്ന ജെല്ലിക്കെട്ട് കാണാൻ വിദേശികളടക്കം പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. മന്ത്രിമാർ,​ കളക്ടർ,​ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ,​ ഡോക്ടർമാർ,​ നഴ്സുമാർ,​ ആംബുലൻസ് തുടങ്ങി എല്ലാ സംവിധാനങ്ങളുമൊരുക്കി സർക്കാരും ഒപ്പമുണ്ട്. മത്സരവേദിയിലേക്കുള്ള റോഡിലെ ഗതാഗതമെല്ലാം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. കാളകളെ കൊണ്ടുവരുന്ന വണ്ടികൾക്ക് മാത്രമാണ് പ്രവേശനം.

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മാത്രം അനുമതി

810 കാളകളും 500 വീരൻമാരുമാണ് അളങ്കനല്ലൂർ ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. ഓൺലൈനിൽ
രജിസ്റ്റർ ചെയ്ത 1784 പേരിൽ 800 പേർക്കാണ് അനുമതി ലഭിച്ചത്. ഇതിൽ 545 പേരാണ് പങ്കെടുക്കാനെത്തിയത്. 45 മത്സരാർത്ഥികളെ മദ്യപിച്ചതിനും ഫിറ്റ്‌നസ് ഇല്ലാത്തിനാലും അയോഗ്യരാക്കപ്പെട്ടു. അതുപോലെ പങ്കെടുക്കുന്ന കാളയുടെ പ്രായം, ആരോഗ്യനില തുടങ്ങിയ കാര്യങ്ങൾ അനുകൂലമായ കാളകളെ മാത്രമാണ് കളത്തിൽ ഇറക്കിയത്.