തൊടുപുഴ: ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഉടമ ഉള്ളിൽ കുടുങ്ങിയതിനെ തുടർന്ന് ഫയർഫോഴ്സെത്തി രക്ഷിച്ചു. അതേസമയം കിണറ്റിൽ വീണ ആട്ടിൻകുട്ടി ചത്തു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഒളമറ്റം തട്ടാരത്തട്ട സ്വദേശി ബെന്നി മാത്യുവിന്റെ ആടാണ് അയൽവാസിയുടെ നാൽപതടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. ഇത് കണ്ട ബെന്നി കയറുകെട്ടി കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ, ആടുമായി തിരികെ കയറാൻ കഴിഞ്ഞില്ല. കിണറ്റിൽ അത്യാവശ്യം വെള്ളവുമുണ്ടായിരുന്നു. തുടർന്നാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. സേനാംഗങ്ങൾ എത്തി വലയിട്ട് കൊടുത്ത് ബെന്നിയെ പുറത്തെത്തിക്കുകയായിരുന്നു. എന്നാൽ, ആട് അപ്പോഴേക്കും ചത്തിരുന്നു. ബെന്നിയുടെ ആരോഗ്യം തൃപ്തികരമാണെന്ന് തൊടുപുഴ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ സലാം പറഞ്ഞു. സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സാജൻ വർഗീസ്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ജിനീഷ് കുമാർ, അജയ് കുമാർ, വിവേക്, ജെയ്‌സ് സാം, ഷൗക്കത്തലി ഫവാസ്, ടി.കെ.മുസ്തഫ, ബെന്നി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.