
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെത്തിയാലിപ്പോൾ നാട്ടുചുമരെഴുത്തുകൾക്കൊപ്പം കാളക്കൂറ്റന്റെയും നാട്ടുവീരന്റെയും ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നത് കാണാം. മാട്ടുപ്പൊങ്കൽ പിറന്നതോടെ സിനിമാ താരങ്ങൾക്ക് പകരം, ചുമരുകളിൽ ഇവരെല്ലാമാണ് തമിഴ്‌നാടിന്റെ താരങ്ങൾ. നാലാൾ കൂടുന്നിടത്തെല്ലാം ജെല്ലിക്കെട്ടും മാടുവിശേഷങ്ങളും മാത്രം. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നടക്കുന്ന പരമ്പരാഗത കായികവിനോദം മാത്രമല്ല ജെല്ലിക്കെട്ട്, അത് തമിഴ് ജനതയുടെ വികാരമാണ്. ഒരോ വർഷവും ജനുവരിയിൽ പൊങ്കൽ ആഘോഷത്തോടെ തുടക്കമിടുന്ന ജെല്ലിക്കെട്ട് ഉത്സവം ജൂൺ വരെ തുടരും. വിവിധ ഗ്രാമങ്ങളിലായി ചെറുതും വലുതുമായ നാലായിരത്തോളം ജെല്ലിക്കെട്ട് നടക്കുന്നുണ്ട്. തമിഴകത്തെ ഏറ്റവും വലിയ ജെല്ലിക്കെട്ടുകൾ നടക്കുന്നത് അളങ്കനല്ലൂരിലും പാലമേട്ടിലുമാണ്. മൂന്നുതരം ജെല്ലിക്കെട്ടുകളാണ് പ്രധാനമായുമുള്ളത്. തുറന്ന മൈതാനത്തേക്ക് ഒന്നിലധികം കാളകളെ ഒരേസമയം ഇറക്കിവിടുന്ന രീതിയും കാത്തുനിൽക്കുന്ന വീരൻമാർക്ക് മുന്നിലേക്ക് ഇടുങ്ങിയ വഴിയിലൂടെ കാള പുറത്തുവരുന്നതുമാണ് വ്യാപകമായി നടക്കുന്നത്. നീണ്ട വടത്തിൽ കാളയെ കെട്ടിയിട്ട് ഏഴംഗസംഘം കീഴ്‌പ്പെടുത്തുന്ന മത്സരവുമുണ്ട്. ഇതിൽ യുവാക്കൾക്ക് മുന്നിലേക്ക് ഇടുങ്ങിയ വഴിയിലൂടെ കാള പുറത്തുവരുന്നതാണ് അളങ്കനല്ലൂർ ജെല്ലിക്കെട്ടിന്റെ രീതി. മുനിയാണ്ടിക്കോവിലുമായി ബന്ധപ്പെടുന്നതാണ് അളങ്കനല്ലൂരിലെ ജെല്ലിക്കെട്ട്. കോവിലിലെ കൂറ്റൻ ശില്പത്തിന്റെ ദൃഷ്ടി പതിയുന്നിടത്ത് നിന്നാണ് മത്സരത്തിനായി കാളകളിറങ്ങുക. മത്സരം നടക്കുന്ന സ്ഥലം ചകിരിച്ചോറും പൂഴിയുമുപയോഗിച്ച് നിറയ്ക്കും. ജെല്ലിക്കെട്ടിനാദ്യമായി കളത്തിലിറങ്ങുന്നത് ക്ഷേത്രക്കാളയാണ്. അതിനെ ആരും പിടിക്കില്ല. ക്ഷേത്രക്കാളയെ വണങ്ങി പ്രാർത്ഥിച്ചാണ് മത്സരം തുടങ്ങുക. കാളയിറങ്ങുന്ന ഇടുങ്ങിയ വഴിക്ക് വാടിവാസലെന്നാണ് പറയുക. മുന്നിലേക്കെത്തുന്നവരെ കുതറിത്തെറിപ്പിക്കാനായുള്ള കാളക്കൂറ്റന്റെ വരവും മരണം മറന്ന് കാളയ്ക്ക് മുന്നിലേക്ക് എടുത്തുചാടുന്ന വീരന്മാരും കാണികളിൽ രോമാഞ്ചമുണ്ടാക്കും. കലിപൂണ്ട് കുതറിയോടുന്ന കാളയുടെ മുതുകിൽ പിടിച്ച് നിശ്ചിതദൂരം വീഴാതെ തൂങ്ങിപ്പോകുന്നവനാണ് വിജയി. വീഴാതെ പിടിച്ചുതൂങ്ങാൻ മത്സരാർത്ഥിയും കുടഞ്ഞുവീഴ്ത്താൻ കാളയും ശ്രമിക്കുന്നിടത്താണ് ജെല്ലിക്കെട്ടിന്റെ ഹരം. മത്സരക്കാളയുടെ വാലിലും കൊമ്പിലും പിടിക്കരുതെന്നും ആയുദ്ധങ്ങളുപയോഗിച്ച് വേദനിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നും നിയമമുണ്ട്. വീരന്മാർക്ക് തൊടാൻ പോലും കിട്ടാത്ത കാളയാണ് വീരമാട്, മത്സരാർത്ഥികൾ പിടിച്ചുകെട്ടിയത് പിടിമാടാണ്. വീരമാടിന്റെ ഉടമസ്ഥനും പിടിമാടിനെ പിടിച്ചുകെട്ടുന്ന വീരനുമപ്പോൾ തന്നെ സമ്മാനം കിട്ടും. അത് സൈക്കിൾ, ബെഡ്, സ്വർണ നാണയം തുടങ്ങിയെന്തുമാവാം. അവസാനം ഒന്നാം സ്ഥാനത്തെത്തുന്ന ഇരുക്കൂട്ടർക്കും കാറായിരുന്നു അളങ്കനല്ലൂരിൽ സമ്മാനം. രണ്ടാം സ്ഥാനക്കാർ ബൈക്ക് സ്വന്തമാക്കി.
2000 വർഷത്തിന്റെ ചരിത്രം
ക്രിസ്തുവിന് 300 വർഷം മുമ്പു മുതൽ തമിഴരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ജെല്ലിക്കെട്ടിന്റെ ആവേശം. വിളവെടുപ്പ് ഉൽസവമായ പൊങ്കൽ നാളിൽ ജല്ലിക്കെട്ട് നടന്നില്ലെങ്കിൽ അടുത്ത തവണ കൃഷി നശിക്കുമെന്നും പകർച്ചവ്യാധിയും പ്രകൃതിക്ഷോഭവും ഉണ്ടാകുമെന്നാണ് വിശ്വാസം. കാർഷികവൃത്തി ജീവിതതാളമായുള്ളവരാണ് തമിഴ് മക്കൾ. കൃഷിയിൽനിന്ന് മാടും മനുഷ്യനും ഒന്നിച്ചുനേടിയ വിജയം ഇരുവരും ചേർന്ന് ആഘോഷിക്കുന്നുവെന്നാണ് ജല്ലിക്കെട്ടിനെക്കുറിച്ചുള്ള നാട്ടുഭാഷ്യം. മനുഷ്യവംശം പിറവിയെടുത്ത നാൾ എന്നു തമിഴ്ജനത വിശ്വസിക്കുന്ന പൊങ്കൽ ദിനത്തിന്റെ അടുത്ത നാളിൽ മൃഗങ്ങൾ പിറന്നതിന്റെ ഓർമയ്ക്കായി മാട്ടുപ്പൊങ്കൽ ആചരിക്കും. മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴിൽ തൈമാസം പിറക്കും. പിന്നെ തമിഴകത്തിന്റെ ഹൃദയമിടിക്കുന്നതുപോലും കാളക്കുളമ്പടിയുടെ താളത്തിലാവും. ആനകളെ പോറ്റുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഒരു കാളയെ ജല്ലിക്കെട്ടുവീരനാക്കാൻ. തമിഴർക്കു ജല്ലിക്കെട്ടുകാള വീട്ടിലെ ഇളയ മകനാണ്. സ്വന്തം കിടപ്പുമുറിയിൽ പോലും പല തമിഴർക്കും ഫാൻ ഉണ്ടാകില്ല. പക്ഷേ, തൊഴുത്തിൽ എസി ഫിറ്റ് ചെയ്തിട്ടുണ്ടാകും. നാലുനേരവും മൃഷ്ടാന്നഭോജനം, മരുന്നുതേച്ചു കുളി, നല്ല മസിലും ആരോഗ്യവും വരാൻ കൃത്യമായ വ്യായാമം. തവിട്, പരുത്തി, കാലിത്തീറ്റ, പച്ചരി, തേങ്ങ, പാൽ, മുട്ട, കത്തിരിക്ക, നാടൻ മരുന്നുകൾ, വാഴപ്പഴം എന്നിവയടങ്ങിയതാണു ഭക്ഷണക്രമം. ഒരു ജല്ലിക്കെട്ടുകാളയെ ഒരു മാസം കഷ്ടി തീറ്റിപ്പോറ്റാൻ ഏറ്റവും കുറഞ്ഞത് 50,000 രൂപ വേണം. അതിരാവിലെ കാളയെ എഴുന്നേൽപിച്ച് ഔഷധക്കൂട്ടു നിറച്ച കാടിവെള്ളവും പച്ചപ്പുല്ലും നൽകും. പിന്നീട് മരുന്നെണ്ണ തേച്ചു കാളയെ പുലർവെയിലിൽ മണിക്കൂറുകളോളം നിറുത്തും. ഇനിയാണ് കാളയുടെ രാജകീയ കുളി. ആനയെ കുളിപ്പിക്കുന്നതുപോലെയാണു കാളക്കുളി. കഴുത്തൊപ്പം വെള്ളത്തിൽ നിർത്തി രാമച്ചവും കച്ചോലവും ഇഞ്ചയുമൊക്കെ തേച്ചുള്ള നീരാട്ടാണ്. കുളി കഴിഞ്ഞാൽ പാലും മുട്ടയും. ഇതിന്റെയൊക്കെ അളവ് കാളയുടമയുടെ സാമ്പത്തികശേഷി അനുസരിച്ചിരിക്കും. എന്തായാലും, വീട്ടിൽ ഉണ്ടാക്കുന്ന സ്‌പെഷ്യൽ വിഭവങ്ങളിൽ ഒരു ഓഹരി കാളയ്ക്കുകൂടി ശാപ്പിടാനുള്ളതാണ്. വൈകിട്ടും കാളയെ കുളിപ്പിക്കും. എസി മാത്രമല്ല, മിക്ക തൊഴുത്തുകളിലും മ്യൂസിക് സിസ്റ്റം വരെയുണ്ടാകും. വണ്ടുകളെയും പ്രാണികളെയും കൊതുകുകളെയുമൊക്കെ അകറ്റാൻ പുകച്ചിരിക്കുന്ന സുഗന്ധ വസ്തുക്കൾ ശ്വസിച്ചാവും കാളയുറക്കം. അങ്ങനെ, കൈ വളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്നു നോക്കിയിരുന്ന് ഒരു കാളക്കുഞ്ഞിനെ ആറു വർഷത്തോളം പരിപാലിക്കും. ആറാം വയസ്സിലാകും കാളകളുടെ ആദ്യ ജല്ലിക്കെട്ട്.
കഠിനമായ പരിശീലനത്തിന് ശേഷമാണ് തമിഴ് യുവാക്കൾ ജെല്ലിക്കെട്ടിനിറങ്ങുന്നത്. ശാരീരികമായും മാനസികമായും നല്ല കരുത്തു നേടിയവർക്കേ കൊമ്പുകുലുക്കിയെത്തുന്ന കാളകളെ കീഴ്‌പ്പെടുത്താനാവൂ. 21 മുതൽ 40 വയസ്സുവരെയുള്ളവരെയാണു ജല്ലിക്കെട്ടിൽ പങ്കെടുപ്പിക്കുക. മദ്യപരെയും പുകവലിക്കാരെയുമൊന്നും പോരിനിറക്കാതിരിക്കാൻ കർശന വൈദ്യപരിശോധനയുണ്ടാകും. അതുപോലെ പങ്കെടുക്കുന്ന കാളയുടെ പ്രായം, ആരോഗ്യനില തുടങ്ങിയ കാര്യങ്ങൾ അനുകൂലമായ മാടുകളെ മാത്രമേ കളത്തിൽ ഇറക്കൂ. പാഞ്ഞു വരുന്ന കാളകളെ കീഴടക്കാൻ ഇടുങ്ങിയ 'വാടിവാസലിന്' ഇരു വശങ്ങളിലും യുവാക്കൾ നിരന്നു നിൽക്കും. കാളക്കൊമ്പുകൊണ്ട് പോറലേൽക്കുന്നത് അഭിമാനചിഹ്നമായാണ് കുട്ടികൾപോലും കാണുന്നത്. വീരൻമാരില്ലാത്ത വീട് നാടിന് ശാപമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.
വിദേശികളടക്കം പതിനായിരങ്ങൾ
സ്‌പെയിനിലെ കാളപ്പോരിനെ അനുസ്മരിപ്പിക്കുന്ന ജെല്ലിക്കെട്ട് കാണാൻ വിദേശികളടക്കം പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. വീരവിളയാട്ട് മുൻപന്തിയിൽനിന്ന് കാണണമെങ്കിൽ മുൻകൂട്ടി പാസുകൾ ഉറപ്പിക്കണം. മന്ത്രിമാർ, കളക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്‌സുമാർ, ആംബുലൻസ് തുടങ്ങി എല്ലാ സംവിധാനങ്ങളുമൊരുക്കി സർക്കാരും ഒപ്പമുണ്ട്. മത്സരവേദിയിലേക്കുള്ള റോഡിലെ ഗതാഗതമെല്ലാം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയും. കാളകളെ കൊണ്ടുവരുന്ന വണ്ടികൾക്ക് മാത്രമാകും പ്രവേശനം. അളങ്കനല്ലൂരിലെ പച്ചക്കറിച്ചന്തയാണ് മത്സരത്തിന് വേദിയാകുന്നത്. പച്ചക്കറിച്ചന്ത അവിടെ രൂപംകൊള്ളും മുമ്പേ ആ പ്രദേശത്ത് ജെല്ലിക്കെട്ട് അരങ്ങേറിയിരുന്നെന്ന് പഴമക്കാരുടെ വാക്കുകൾ.