മൂന്നാർ: ഇന്നലെ വരെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന കാട്ടുകൊമ്പൻ പടയപ്പ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ പ്രശ്നക്കാരനായി മാറുന്നു. പട്ടാപകൽ പോലും ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്ന പടയപ്പ നാട്ടുകാർക്ക് വലിയ ശല്യമായി മാറിയതോടെ അരിക്കൊമ്പനെ പോലെ കാടുകടത്തണമെന്ന ആവശ്യം ശക്തമായി. കൊവിഡ് കാലത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയ വേളയിൽ മൂന്നാർ നിശ്ചലമായതോടെയാണ് കാടുകയറാൻ കൂട്ടാക്കാതെ ഭക്ഷണം തേടി പടയപ്പ ജനവാസമേഖലയിൽ സ്ഥിര സാന്നിധ്യമാകുന്നത്. ഭക്ഷണത്തിനായി കാടിറങ്ങുമെങ്കിലും ഇതുവരെയും പടയപ്പ ആരെയും ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പൊതുവേ ശാന്തനായിരുന്ന പടയപ്പ കഴിഞ്ഞ ഒരു വർഷത്തിലേറെയായി അക്രമാസക്താനാകുന്നത് പതിവാണ്. തുടർന്ന് കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കാട്ടിലേക്ക് തുരത്താനും വനം വകുപ്പിന്റെ എട്ടംഗങ്ങളുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മൂന്നാർ നിവാസികൾക്ക് സുപരിചിതനായ പടയപ്പ പാതയോരങ്ങളിലും ജലാശയത്തിന് സമീപങ്ങളിലുമൊക്കെ ഇറങ്ങുന്നത് പതിവാണ്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, പാലാർ എന്നിവിടങ്ങളിലും മൂന്നാറിലെ വിവിധ എസ്റ്റേറ്റ് മേഖലകളിലുമെല്ലാം പടയപ്പയെ കാണാം. പട്ടാപ്പകൽ നടുറോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തുന്നതും കടകളും റേഷൻകടയും ആക്രമിക്കുന്നതും അടുത്തിടെ പതിവാണ്. ജനവാസമേഖലയിൽ കാട്ടുകൊമ്പനെത്തിയാൽ പ്രത്യേക സംഘം ഇവയെ പടക്കം പൊട്ടിച്ചും മറ്റും കാട്ടിലേക്ക് തുരത്തി വിടാറാണ് പതിവ്. ഉപദ്രവകാരിയായിരുന്ന അരിക്കൊമ്പനെ കാടുമാറ്റിയ ശേഷം മൂന്നാർ മേഖലയിൽ കാട്ടാനശല്യം കുറവുണ്ടായിരുന്നു. എന്നാൽ പടയപ്പയും ആക്രമണകാരിയായതോടെ ജനങ്ങൾ ഭീതിയിലാണ്.
പ്രായം 62, രജനി സ്റ്റൈൽ
തലയെടുപ്പിലും നടപ്പിലുമെല്ലാം രജനികാന്തിന്റെ സ്റ്റൈലും അഴകൊത്ത് നീണ്ടു വളഞ്ഞ കൂർത്ത കൊമ്പുകളും കാരണം മൂന്നാറിലെ തോട്ടം തൊഴിലാളികളാണ് ഈ സുന്ദരൻ കാട്ടാനയ്ക്ക് ആദ്യം പടയപ്പയെന്ന പേര് നൽകിയത്. ഉദ്ദേശം 62 വയസ് കാണുമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രായാധിക്യം മൂലമുള്ള വിഷമതകൾക്ക് പുറമെ ഉപ്പുള്ളതും രുചിയുള്ളതുമായ ഭക്ഷണ സാധനങ്ങൾ തേടിയാണ് ജനവാസമേഖലകളിൽ തന്നെ പടയപ്പ തമ്പടിക്കുന്നെതെന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം. കാട്ടിൽ തന്നെ പടയപ്പയ്ക്ക് തീറ്റയും വെള്ളവും ലഭ്യമാക്കിയാൽ ഒരു പരിധി വരെ ജനവാസമേഖലയിലുള്ള ശല്യം കുറയ്ക്കാമെന്നാണ് വാദം.
പുതുക്കാട് ഡിവിഷനിൽ
കൃഷി നശിപ്പിച്ചു
മൂന്നാറിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടുകൊമ്പൻ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചു. പെരിയവാര പുതുക്കാട് ഡിവിഷനിലാണ് കഴിഞ്ഞ കുറച്ച് ദിവസമായി പടയപ്പയുള്ളത്. പ്രദേശത്തെ കൃഷി നശിപ്പിച്ചതോടെ നാട്ടുകാർ വനംവകുപ്പിനെ സമീപിച്ചിരിക്കുകയാണ്. മൂന്നാർ പെരിയവര എസ്റ്റേറ്റിൽ റേഷൻ കട തകർത്ത് അരി ഭക്ഷിച്ച് ഭീതി പരത്തി രണ്ടാഴ്ച മുമ്പാണ് പടയപ്പ കാട്ടിലേക്ക് മടങ്ങിയത്. നാല് ദിവസം മുമ്പാണ് വീണ്ടും തിരിച്ചെത്തിയത്. അന്ന് മുതൽ പുതുക്കാട് ഡിവിഷനിലെ ജനവാസമേഖലയിലും തോട്ടത്തിലുമാണ് കാട്ടുകൊമ്പനുള്ളത്. ആദ്യ ദിവസങ്ങളിലൊന്നും ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയില്ലെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. പ്രദേശത്തെ തോഴിലാളികൾ കൃഷി ചെയ്ത വാഴ പൂർണ്ണമായും നശിപ്പിച്ചു. പകൽ സമയത്ത് പോലും ജനവാസ മേഖലയിലിറങ്ങുന്നതിനാൽ ആളുകളിപ്പോൾ ഭീതിയിലാണ്. ആനയെ വേഗത്തിൽ കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം വനപാലകർ പടയപ്പയെ നിരീക്ഷിക്കുന്നുണ്ടെന്നും നിലവിൽ ജനവാസമേഖലയ്ക്ക് അകലെ തേയില തോട്ടത്തിലാണ് ആന ഉള്ളതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.