
കാഞ്ചിയാർ: ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തിയതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ചിയാർ കോവിൽമല ഐ.റ്റി.ഡി.പി ഹാളിൽ സംഘടിപ്പിച്ച ആരോഗ്യക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.അടുത്തകാലത്താണ് ഇടുക്കി മെഡിക്കൽ കേളേജിലേക്ക് 50 ഡോക്ടർമാരുടെ പോസ്റ്റിന് അനുമതി നൽകിയത്. ജില്ലയിലെ ജനങ്ങൾക്ക് മെഡിക്കൽ കോളേജ് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ആധുനിക ചികിൽസാ സൗകര്യം മാത്രമല്ല, നമ്മുടെ കുട്ടികൾക്ക് ഗ്രാമീണ മേഖലയിൽ തന്നെ മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള സൗകര്യം കൂടിയാണ് മെഡിക്കൽ കോളേജിലൂടെ ലഭിച്ചത്.
സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയായി. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ തങ്കമണി സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ വി വി ആനന്ദൻ, ലിനു ജോസ്, റോയി എവറസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.