ഇടുക്കി: ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ജില്ലാ കളക്ടർ ഷീബ ജോർജ്. ജില്ലാ ടൂറിസം വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. എല്ലാ കേന്ദ്രങ്ങളിലും ഓഫ് റോഡ് ജീപ്പ് സഫാരിക്ക് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. യോഗത്തിൽ ജില്ലയിലെ വിവിധ ടൂറിസം പദ്ധതികളുടെ പ്രവർത്തനം വിലയിരുത്തി. നിർമാണം നടന്നുകൊണ്ടിരിക്കുന്നതും പുതുതായി ആരംഭിക്കുന്നതുമായ പദ്ധതികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ജില്ലയിലെ എട്ട് പഞ്ചായത്തുകൾ ഭാഗമായി. ഇതിൽ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് ആദ്യം സ്ഥലം തിരഞ്ഞെടുത്ത് നിർമാണ പ്രവർത്തനം ആരംഭിച്ചതായും കൂടുതൽ പഞ്ചായത്തുകൾ ചലഞ്ചിൽ പങ്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിനോദസഞ്ചാര വകുപ്പ് ഡെ. ഡയറക്ടർ ഷൈൻ കെ. എസ്, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, കെ.എസ്ഇ.ബി, ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.