
തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടികർഷകൻ മാത്യു ബെന്നിയ്ക്ക് സി.പി.എം നേത്വതൃത്തിൽ നൽകിയ പശുക്കളിലൊന്ന് പ്രസവിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഒരു കുഞ്ഞി പശുക്കിടാവ് കൂടി മാത്യുവിന്റെ തൊഴുത്തിലെത്തിയത്. തമിഴ്നാട്ടിലെ ഫാമിൽ നിന്ന് എച്ച്.എഫ് ഇനത്തിലുള്ള ചെനയുള്ള മൂന്ന് പശുക്കളെയാണ് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് മാത്യുവിന്റെ വീട്ടിൽ എത്തി കൈമാറിയത്. സി.പി.എം ജില്ലാ കമ്മിറ്റി, കർഷക സംഘം ജില്ലാ കമ്മിറ്റി, സി.പി.എം ഏരിയ കമ്മിറ്റി എന്നിങ്ങനെ ഓരോ പശുകളെ വിതം ആണ് നൽകിയത്. അതിൽ ഒരെണ്ണമാണ് ഇപ്പോൾ പ്രസവിച്ചിരിക്കുന്നത്. പശുക്കൾ ചത്തശേഷം നിലവിൽ കറവയുള്ള ഒരു പശു പോലും ഇല്ലായിരുന്നു തൊഴുത്തിൽ. ഈ പശു പ്രസവിച്ചതോടെ ഒരു വരുമാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് മാത്യുവും സഹോദരങ്ങളായ ജോർജും സഹോദരി റോസ്‌മേരിയും അമ്മ ഷൈനിയും. ജനുവരി ഒന്നിന് വിഷ ബാധയേറ്റ് മാത്യുവിന്റെ ഫാമിലെ 13 പശുക്കളാണ് കൂട്ടത്തോടെ ചത്തത്. പിതാവിന്റെ മരണത്തോടെയാണ് കുടുംബം പുലർത്താൻ മാത്യു ബെന്നി പതിമൂന്നാം വയസിൽ അമ്മയ്‌ക്കൊപ്പം പശു ഫാം ഏറ്റടുത്തത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെയും വളർത്തിയത്. മികച്ച കുട്ടിക്ഷീര കർഷകനുള്ള അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ മാത്യുവിനെ തേടിയെത്തിയിട്ടുണ്ട്.