
കട്ടപ്പന : മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെയും നവോത്ഥാന നായകൻ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപംമന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.
സ്മൃതി മണ്ഡപ കോർഡിനേഷൻ കമ്മിറ്റിയുടെ ആവശ്യപ്രകാരം മണ്ഡപത്തിനുള്ളിൽ ടൈൽ വിരിക്കുന്നതിനും മേൽക്കൂര നിർമ്മിക്കുന്നതിനുമായി എം.എൽ.എ ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കട്ടപ്പന നഗരസഭ 11 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മൃതി മണ്ഡപത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അഞ്ച് അടി ഉയരത്തിൽ 300 കിലോ വെങ്കലത്തിലാണ് പ്രതിമകൾ നിർമിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രതിമകൾ നിർമ്മിച്ച ശിൽപ്പികളെയും നഗരസഭാ അദ്ധ്യക്ഷയെയും കോർഡിനേഷൻ കമ്മറ്റി ആദരിച്ചു.തുടർന്ന് മിനി സ്റ്റേഡിയത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ ഷൈനി സണ്ണി നിർവ്വഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ കെ.ജെ ബെന്നി, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.