തൊടുപുഴ: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ മുട്ടത്ത് പ്രവർത്തിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ താത്കാലിക ജീവനക്കാർക്ക് ഇനിയും ശമ്പള വർദ്ധന നടപ്പായില്ല. ഏഴോളം ജീവനക്കാരാണ് ഇവിടെയുള്ളത്. നിലവിൽ ജോലി ചെയ്യുന്നവർ പത്തു വർഷത്തിൽ കൂടുതലായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. മിനിമം വേതനം പോലും ലഭിക്കുന്നുമില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു. എട്ട് വർഷമായി ശമ്പള വർദ്ധന നടപ്പാക്കിയിട്ടില്ല. 2001ലാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടുകൂടി ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ മുട്ടത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആരംഭിച്ചത്. അന്ന് മന്ത്രിയായിരുന്ന പി.ജെ. ജോസഫാണ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. മുട്ടത്തും സമീപ പ്രദേശങ്ങളിലുമുള്ള സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രികൾക്ക് താമസ സൗകര്യം ഒരുക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഹോസ്റ്റലിന്റെ പ്രവർത്തനം. ജില്ലാ കോടതി, എൻജിനിയറിംഗ് കോളേജ്, പോളിടെക്‌നിക്, ഐ.എച്ച്.ആർ.ഡി അപ്ലയ്ഡ് സയൻസ് എന്നിവടങ്ങളിലുൾപ്പെടെ ദൂരെ സ്ഥലങ്ങളിൽ നിന്നും വന്ന് ജോലി ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഈ സ്ഥാപനം. മാത്രമല്ല വിദ്യാർത്ഥിനികൾക്കും ഇവിടെ താമസ സൗകര്യം ലഭ്യമാക്കുന്നുണ്ട്. നിലവിൽ വിദ്യാർത്ഥിനികളും വർക്കിഗ് വിമൻസും ആയി 175 ഓളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ കോടികളുടെ ലാഭം ഉണ്ടാക്കിയെന്നു മാത്രമല്ല ഒരിക്കൽ പോലും നഷ്ടത്തിൽ ആയിട്ടുമില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഹോസ്റ്റൽ മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോഴും ഇവിടെ ജോലി ചെയ്യുന്നവർ ദുരിതത്തിലാണ്. മിനിമം വേതനം പോലും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നുവെന്നും സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കുന്നില്ലെന്നുമാണ് ഇവരുടെ പരാതി. ജീവനക്കാരുടെ പ്രശ്‌നത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി.