തെടുപുഴ: ന്യൂമാൻ കോളജിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് 23 മുതൽ 26 വരെ ക്യാമ്പസിൽ 'ന്യൂമാനിയം- 2024' എന്ന പേരിൽ ആർട്‌സ്, സയൻസ് ആൻഡ് കൊമേഴ്‌സ് എക്‌സിബിഷൻ
സംഘടിപ്പിക്കും. ഐ.എസ്.ആർ.ഒ, ബി.എസ്.എൻ.എൽ, കേരള പൊലീസ്, ഫയർ ആന്റ് സേഫ്‌റ്റി തുടങ്ങിയവരുടെയും കോളേജിലെ വിവിധ വകുപ്പു കളുടെയും മേൽനോട്ടത്തിൽ വൈജ്ഞാനിക മേഖലകളിലെ നൂതന സങ്കേതങ്ങൾ പരിചയപ്പെടുത്തുന്ന 23 സ്റ്റാളുകൾ പ്രദർശനത്തിനൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭാഷകൾ, ഗണിതം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിവിധ വിജ്ഞാനീയ മേഖലകളിലെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾക്ക് പുറമെ കലാവിഷ്‌കാരങ്ങളും ന്യൂമാനിയത്തിൽ അവതരിപ്പിക്കും. 26ന് രാവിലെ 11ന് പി.ജെ. ജോസഫ് എം.എൽ.എ ന്യൂമാനിയം ഉദ്ഘാടനം ചെയ്യും. മിസൈൽ വനിത എന്നറിയപ്പെടുന്ന ഡോ. ടെസി തോമസ് മുഖ്യാതിഥിയാകും. മാനേജർ റവ. ഡോ. പയസ് മാലേകണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. മാർ പോത്തനാമുഴി സ്മാരക പ്രഭാഷണം ഡോ. തോമസ് പോത്തനാമുഴി നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ഡോ. പോൾ പറത്താഴം, വൈസ് പ്രിൻസിപ്പൽ ഡോ. സജു എബ്രഹാം എന്നിവർ സംസാരിക്കും. സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടയുള്ള പൊതുജനങ്ങൾക്ക് എക്‌സിബിഷൻ സന്ദർശിക്കാം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാകും പ്രവേശനം. മുതിർന്നവർക്ക് 50 രൂപയും സ്‌കൂൾ വിദ്യാർത്ഥികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. എല്ലാ ദിവസവും 4.30 മുതൽ സാംസ്‌കാരിക പരിപാടികൾ നടക്കും. 26ന് മെഗാ അലൂമിനി മീറ്റും നടക്കും. വാ‌‌ർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, എക്‌സിബിഷൻ കൺവീനർ ഫാ. ഡോ. എൽദോ കെ. തോമസ്, ബർസാർ ഫാ. ബെൻസൻ എൻ. ആന്റണി, വജ്രജൂബിലി കൺവീനർ ബിജു പീറ്റർ, ക്യാപ്ടൻ പ്രജീഷ് സി. മാത്യു എന്നിവരും പങ്കെടുത്തു.