പീരുമേട് : വൈവിദ്ധ്യവത്ക്കരണം നടപ്പിലാക്കിത്തുടങ്ങിയതോടെ തോട്ടംമേഖല പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് പ്രതീക്ഷ. സർക്കാർ തലത്തിൽ പുതിയ ആശയത്തിന് പച്ചക്കൊടി ലഭിച്ചതോടെ ഇപ്പോൾ നിലനിൽക്കുന്നപ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്നത്. തേയില, ഏലം, റബ്ബർ, തുടങ്ങിയതോട്ടവിളകളെ സംബന്ധിച്ചടുത്തോളം പരമ്പരാഗതമേഖലയിലുള്ള കൃഷിരീതി മാറ്റി നൂതന ആശയങ്ങളും കാർഷിക കൃഷിരീതിയും നടപ്പിലാക്കിയാൽ മാത്രമേ ഇനി മുൻപോട്ട് പോകാനാകൂ എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് കാലത്തിനനുസരിച്ച മാറ്റമാണ് വൈകിയാണെങ്കിലും ഇപ്പോൾ നടക്കുന്നത്.
അനുബന്ധ വ്യവസായങ്ങളും മൂല്യവർദ്ധിത കൃഷിയും നടപ്പിലാക്കാൻ പല തോട്ടം മാനേജ്‌മെന്റുകളും തയ്യാറായിരിക്കുകയാണ്.
ഇപ്പോൾതന്നെ കരടിക്കുഴി എ.വി. റ്റി. കമ്പനി വൈവിദ്യവൽക്കരണ വ്യവസായങ്ങൾ ആരംഭിച്ചു. അനുബന്ധ കൃഷികൾ കൂടി ചെയ്യാൻ തയ്യാറായി . എ.വി. റ്റി.യുടെ ഉത്പ്പന്നങ്ങൾ വിൽപ്പന നടത്താൻ കമ്പനിയുടെ ഔട്ട് ലെറ്റ് ആരംഭിച്ചു. അന്നപൂർണ്ണ എന്ന ലേബലിൽ ഹോട്ടൽ വ്യവസായവും കരടിക്കുഴിയിൽ ആരംഭിച്ചു. ഒരു വർഷം കോടികണക്കിന് രൂപയുടെ വിറ്റുവരവ് ഹോട്ടൽ വ്യവസായത്തിലും തേയില ഔട്ട്‌ലെറ്റ് വ്യാപാരത്തിലൂടെയും എ.വി റ്റി.നേടുന്നത്.
ശബരിമല തീർത്ഥാടന കാലത്ത് ഉൾപ്പടെ വൻ വ്യാപാരമാണ് നടക്കുന്നത്. പ്രദേശത്ത് ചെറുകിട കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെട്ട പുതിയ ഒരു വ്യാപാര കൂട്ടം തന്നെ ഇവിടെ ആരംഭിക്കാനായി.
ഏലപ്പാറ കരിന്തരുവി മലങ്കര എസ്റ്റേറ്റ് ഈ രംഗത്ത് വൈവിദ്ധ്യവൽക്കരണത്തിലൂടെ വൻപുരോഗതി കൈവരിച്ച തോട്ടമാണ്. ഇവർതേയില, ഏലം, കാപ്പിക്ക് പുറമേ ഇപ്പോൾ തന്നെ അനുബന്ധ കൃഷി വിളകളായ പലതരംഫ്രൂട്ട്‌സ്ചെടികൾ വച്ച് പിടിപ്പിച്ച് കയറ്റുമതി ചെയ്യാൻ കഴിയുന്ന നിലയിൽതോട്ടം മാറ്റാൻ കഴിഞ്ഞു.
റംബൂട്ടാൻ കൃഷി ചെയ്ത് നല്ല നിലയിൽ വിളവെടുപ്പ് നടത്തി വിൽപ്പന നടത്തി വരുമാനം ഉണ്ടാക്കുന്നു. ബട്ടർ ഫ്രൂട്ട് കൃഷിയും, പപ്പായ കൃഷിയും വ്യാപിപ്പിച്ചു. ഇവ വിളവെടുക്കാൻ കഴിയുന്ന പാകത്തിലായിട്ടുണ്ട്. കമുക് കൃഷി ചെയ്ത് വൻതോതിൽ അടയ്ക്കാ വിപണിയിൽ എത്തിക്കുന്നു. ഇത് തോട്ടംമേഖലയിലെ വൈവിധ്യവൽക്കരണം ഉറപ്പിക്കാനും, സാമ്പത്തിക വളർച്ചനോടാനുംകഴിയുന്ന ഘടകങ്ങളാണ് മലങ്കര എസ്റ്റേറ്റ് നടപ്പിലാക്കുന്നത്.
വൈവിദ്ധ്യ കൃഷിരീതികൾ തുടരുന്നത് കൊണ്ട് തേയിലയെ മാത്രം ആശ്രയിച്ച് ഇവിടത്തെ തൊഴിലാളികൾജോലി ചെയ്യേണ്ടി വരുന്നില്ല. തേയിലതോട്ടംപ്രതിസന്ധിയിലും മലങ്കരതോട്ടത്തിലെ തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകുന്നു. 2022 ൽ 16 ശതമാനംബോണസും, 2023 ൽ 12 ശതമാനം ബോണസും നൽകി. പരമ്പരാഗ കൃഷി രീതികൾക്ക് പുറമെ അനുബന്ധ കൃക്ഷികൾ കൂടി ചെയ്താൽ മാത്രമേതോട്ടം വ്യവസായം നിലനിൽക്കു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാണ് വൈവിധ്യവൽക്കരണത്തിലേക്ക്‌തോട്ടം ഉടമകൾ മാറുന്നത്.
കേരളപ്ലാന്റേഷൻ
എക്‌സ്‌പോയിൽ പ്രതീക്ഷ
തോട്ടംമേഖലയിലെ വൈവിദ്ധ്യമാർന്ന ഉത്പ്പന്നങ്ങളുംസേവനങ്ങളും പ്രദർശിപ്പിച്ച് സംരംഭങ്ങൾക്ക് ഊന്നൽ നൽകുന്നത് കേരള പ്ലാന്റേഷൻസ് എന്ന ബ്രാൻഡ് സംസ്ഥാന സർക്കാർ ഉയർത്തി കൊണ്ട് വരുന്നതിന്റെ ഭാഗമാണിത്.കേരളാ പ്ലാന്റേഷൻ എക്‌സ്‌പോയുടെ രണ്ടാം പതിപ്പ് 23 വരെ കൊച്ചിയിൽ വെച്ച് നടക്കുകയാണ്.തോട്ടംമേഖല ശക്തമാക്കാൻ 2021ൽ വ്യവസായ വകുപ്പിന് കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ചിരുന്നു.