തൊടുപുഴ: ജലാശയങ്ങളും തണ്ണീർത്തടങ്ങളും സമൃദ്ധമായ ജില്ലയിൽ വേനൽ കടുത്തതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടി തുടങ്ങി. മിക്ക കിണറുകളും ജലാശയങ്ങളും വറ്റി തുടങ്ങി. സ്ത്രീകൾ കുടങ്ങളുമായി പൊതുടാപ്പുകൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിൽക്കുന്നതും ദൂരെ സ്ഥലങ്ങളിൽ നിന്ന് വെള്ളം ചുമന്നുകൊണ്ടുവരുന്നതും പതിവുകാഴ്ചയായി മാറിയിട്ടുണ്ട്. ശുദ്ധജലത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെ പലയിടത്തും പൈപ്പ് പൊട്ടുകകൂടി ചെയ്തതോടെ ദിവസങ്ങളോളം വെള്ളം കിട്ടാത്ത അവസ്ഥയിലാണ് പല പ്രദേശങ്ങളും. ജോലിഭാരം കൂടിയതോടെ ജല അതോറിട്ടിയും കിതയ്ക്കുകയാണ്. ജലക്ഷാമത്തിന്റെ രൂക്ഷതയും ദുരിതവും പല പ്രദേശങ്ങളിൽ പല രൂപങ്ങളിലാണ്. ചിലയിടങ്ങളിൽ മഴക്കാലത്തും വേനൽക്കാലത്തും കുടിവെള്ളം വില കൊടുത്ത് വാങ്ങണം. ചിലയിടങ്ങളിൽ വില കൊടുത്താൽ പോലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥ. മറ്റ് ചിലയിടങ്ങളിൽ ഒന്നിലേറെ പദ്ധതികൾ നടപ്പാക്കിയിട്ടും കുടിവെള്ളക്ഷാമത്തിന് അറുതിയില്ല. പദ്ധതികളുടെ പേരിൽ പണമേറെ ഒഴുക്കിയിട്ടും വീട്ടുമുറ്റങ്ങളിലേക്ക് വെള്ളമെത്തിയില്ല എന്നതാണ് പലയിടത്തും നാട്ടുകാർക്ക് പങ്കുവെക്കാനുള്ള ദുരനുഭവം. തൊടുപുഴ നഗരസഭ പ്രദേശത്ത് പലയിടങ്ങളിലും ഉയർന്ന പ്രദേശങ്ങളിലടക്കം കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കാരൂപ്പാറ, പട്ടയംകവല, കുന്നം എന്നിവിടങ്ങളിലെല്ലാം വേനൽ കനത്തതോടെ ജനം കുടിവെള്ളത്തിന് വേണ്ടി അലയുന്ന സാഹചര്യമാണ്. സമീപത്തെ പല പഞ്ചായത്തുകളിലും കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കോട്ടയം- ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ വെള്ളംനീക്കിപ്പാറ നിവാസികൾ വേനൽ ആരംഭിച്ചത് മുതൽ വെള്ളം പണം കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ്. അടിമാലി ഗ്രാമപഞ്ചായത്തിലെ വാളറ പത്താം മൈൽ 20 സെന്റ് കോളനിക്കാർ വേനലിലും മഴക്കാലത്തും കുടിവെള്ളത്തിന് നെട്ടോട്ടമോടണം. വേനലിലും മഴക്കാലത്തും വില കൊടുത്താൽ മാത്രം കുടിവെള്ളം കിട്ടുന്ന സ്ഥലമാണ് കുട്ടിക്കാനം ജംഗ്ഷനും പരിസര പ്രദേശങ്ങളും. ഇത് മൂലം വ്യാപാരികളും പ്രദേശവാസികളും ഒന്നുപോലെ കഷ്ടത അനുഭവിക്കുന്നു. ജലവിതരണ അതോറിട്ടിയുടെ ഹെലിബേറിയ കുടിവെള്ള പദ്ധതിയിൽ നിന്ന് വിതരണം ചെയ്യുന്നുണ്ടെങ്കിലും കുട്ടിക്കാനം ജംഗ്ഷനിൽ വെള്ളം ലഭ്യമല്ല. വേനലായാൽ ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ വട്ടോമ്പാറക്കടുത്തുള്ള മാക്കുപാറ. കഴിഞ്ഞ 10 വർഷത്തിനിടെ വോട്ടു ചോദിച്ചെത്തിവരോടെല്ലാം ഇവിടത്തുകാർ ചോദിച്ചത് കുടിവെള്ളം മാത്രമാണ്. 'ജയിച്ചു വന്നാൽ കുടിവെള്ളത്തിന് വേണ്ടി നിങ്ങൾ അലയേണ്ടി വരില്ല' എന്ന മോഹന വാഗ്ദാനത്തിലൊതുങ്ങും സ്ഥാനാർഥികളുടെ ഇടപെടൽ.

എന്നും പെപ്പ് പൊട്ടി വെള്ളം പാഴാകുന്നു

അടിക്കടി പൈപ്പ് പൊട്ടുന്നതുമൂലം വെള്ളം പാഴാകുന്നതും ഉയർന്ന പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളവിതരണം മുടങ്ങുന്നതും സ്ഥിരം സംഭവമായിട്ടുണ്ട്. കരാറുകാർക്ക് കുടിശിഖയുള്ളതിനാൽ പണികൾ യഥാസമയം നടത്താനും ആളില്ലാത്ത സ്ഥിതിയാണ്. പൈപ്പ് നന്നാക്കാൻ ആളില്ലാത്തതിനാൽ ഉപഭോക്താവ് തന്നെ പണിക്കാരെ വിളിച്ച് പ്രധാന പൈപ്പ് ഉൾപ്പെടെ നന്നാക്കണമെന്ന് പറഞ്ഞ സംഭവങ്ങളുമുണ്ട്. അതോടൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ അനുവാദം ഇല്ലാതെ നഗരത്തിലെ പ്രധാന റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പ് എൻജിനിയർമാർക്കെതിരെ പൊതുമരാമത്ത് പരാതിയുമായി രംഗത്തെത്തിയതും തലവേദനയാണ്.