mathew

തൊടുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചിന്നക്കനാലിലെ കപ്പിത്താൻസ് റിസോർട്ട് ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. കേസിൽ ഇന്നലെ വിജിലൻസിന്റെ തൊടുപുഴ മുട്ടം ഓഫീസിൽ മൂന്ന് മണിക്കൂറോളം എം.എൽ.എയുടെ മൊഴിയെടുത്തു. എം.എൽ.എ 50 സെന്റ് മിച്ചഭൂമി കൈയേറിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. 17 ലക്ഷം രൂപ മൂല്യമുള്ള 1000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം രജിസ്‌ട്രേഷൻ സമയത്ത് മറച്ചുവച്ചതായും കണ്ടെത്തി. റിസോർട്ട് ഉൾപ്പെടെ ഒരു ഏക്കർ 20 സെന്റ് ഭൂമിയാണ് ആധാരത്തിലുള്ളതെങ്കിലും വിജിലൻസ് അന്വേഷണത്തിൽ അധികമായി 50 സെന്റ് ഭൂമി കൂടി കൈവശം വയ്ക്കുന്നതായി കണ്ടെത്തി. അധികമുള്ള ഭൂമി തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്യും.

കുഴൽനാടന്റെ കൈവശമുള്ള വസ്തു മിച്ചഭൂമി കേസിൽ ഉൾപ്പെട്ടതാണ്. ഈ ഭൂമി രജിസ്ട്രേഷൻ ചെയ്തതിലും മിച്ചഭൂമി പോക്ക് വരവ് ചെയ്തതിലും ഉദ്യോഗസ്ഥ വീഴ്ചയുണ്ട്. എന്നാൽ,​ മിച്ച ഭൂമി കേസുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കുഴൽനാടന് പങ്കുള്ളതായി വിജിലൻസിന് തെളിവുകൾ ലഭിച്ചിട്ടില്ല.

എം.എൽ.എയാവുന്നതിനു മുമ്പ് നടന്ന ഇടപാടായതിനാൽ അഴിമതി നിരോധന നിയമം ചേർക്കാനാവില്ല. പക്ഷേ,​ എം.എൽ.എ ആയശേഷം പോക്കുവരവ് നടത്തിയിട്ടുണ്ട്. ഇത് ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് സൂചന. പഴയ കെട്ടിടമായതിനാലാണ് രജിസ്ട്രേഷനിൽ കാണിക്കാതിരുന്നതെന്ന കുഴൽനാടന്റെ വാദം വിജിലൻസ് തള്ളി. പൂർത്തിയാകാത്ത പുതിയ കെട്ടിടമാണിതെന്ന് വിജിലൻസ് അധികൃതർ പറയുന്നു. 17ലക്ഷം രൂപയാണ് വിജിലൻസ് കണക്കാക്കുന്ന മൂല്യം. ഇതിന്റെ എട്ട് ശതമാനം നികുതി വരും. 15,​000 ചതുരശ്ര അടി വിസ്തീർണത്തിൽ മറ്റൊരു വാണിജ്യ കെട്ടിടത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും അത് അനുവദിച്ച് കിട്ടിയിട്ടില്ല. വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.


'മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞിരുന്നില്ല. അന്ന് ലഭ്യമായിരുന്ന എല്ലാ രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഇടപാട് നടത്തിയത്. ഭൂമി അളന്ന് നോക്കാതെയാണ് പുറമ്പോക്ക് കൈയേറി എന്ന ആരോപണം ഉന്നയിക്കുന്നത്. അധികം ഭൂമി ഉണ്ടെങ്കിൽ തുടർ നടപടി സ്വീകരിക്കട്ടെ. കെട്ടിടനമ്പർ ഇല്ലാത്തതിനാൽ ഒരു കെട്ടിടത്തിന്റെ മൂല്യം കണക്കാക്കിയിരുന്നില്ല. അതുകൊണ്ടാണ് രജിസ്‌ട്രേഷൻ സമയത്ത് ഈ കെട്ടിടം കാണിക്കാതിരുന്നത്."

-മാത്യു കുഴൽ നാടൻ എം.എൽ.എ