തൊടുപുഴ: കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്രയുടെ പര്യടനം ജില്ലയിൽ 50 സ്ഥലങ്ങൾ പിന്നിട്ടു. ജില്ലയിലെ മലയോര മേഖലകളിലടക്കം മിക്കയിടങ്ങളിലും മികച്ച സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. കാർഷിക മേഖലയിൽ വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യ പരിചയപ്പെടുത്തി. അർഹരായവർക്ക് വിവിധ കേന്ദ്ര പദ്ധതികളിൽ അംഗമാകാനും ആനുകൂല്യങ്ങൾ നേടാനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന യാത്ര 56 സ്ഥലങ്ങൾ സന്ദർശിച്ച് 24ന് സമാപിക്കും.
തൊടുപുഴ നഗരസഭാ തല പര്യടനം പൂർത്തിയാക്കി
തൊടുപുഴ: വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ തൊടുപുഴ നഗരസഭാ തല പര്യടനം പൂർത്തിയാക്കി. കാനറാ ബാങ്ക് തൊടുപുഴ ഒന്നാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചേർന്ന സമ്മേളനം നഗരസഭാ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കാനറാ ബാങ്ക് എറണാകുളം ഡിവിഷണൽ മാനേജർ കെ.എക്‌സ്. ജസ്റ്റിൻ അദ്ധ്യക്ഷനായി. കൃഷി വിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞ പ്രീതു കെ. പോൾ, ഫൈനാൻഷ്യൽ ലിറ്ററസി കൗൺസിലർ ലിജി ടി.ഡി, താലൂക്ക് വ്യവസായ കേന്ദ്രം പ്രതിനിധി ജ്യോതി ലക്ഷ്മി, ഡെപ്യൂട്ടി പോസ്റ്റ്‌മാസ്റ്റർ ഹരികുമാർ എന്നിവർ കേന്ദ്ര പദ്ധതികളുടെ വിശദീകരണം നടത്തി. കാനറാ ബാങ്ക് തൊടുപുഴ ഒന്നാം നമ്പർ ശാഖാ മാനേജർ ബേസിൽ വർക്കി സ്വാഗതവും സീനിയർ മാനേജർ വി. ലക്ഷ്മി നന്ദിയും പറഞ്ഞു. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി മഖേന അർഹരായവർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.