ss
ഉടുമ്പന്നൂർ പഞ്ചായത്തിലെ കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് ഉദ്ഘാടനം ചെയ്യുന്നു

ഉടുമ്പന്നൂർ : വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ആശയം മുൻനിർത്തി ഉടുമ്പന്നൂർ പഞ്ചായത്തിലെ കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി നടീൽ ഉത്സവം നടന്നു. ഗ്രാമ പഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർഷിക സമഗ്ര സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി വിവിധ വാർഡുകളിൽ രൂപീകരിച്ച 19 കൃഷി ക്കൂട്ടങ്ങൾ അവരുടെ ഒന്നാം ഘട്ട വിളവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
പദ്ധതിയുടെ രണ്ടാം ഘട്ടമായിട്ടാണ് വിഷുവിന് വിഷരഹിത പച്ചക്കറി പ്രോഗ്രാം നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന സംയോജിത കൃഷി കാമ്പെയിനുമായി പദ്ധതിയെ ബന്ധിപ്പിക്കുമെന്ന് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു. ഇതിന്റെ ഭാഗമായി ജൈവ മാതൃകയിൽ പച്ചക്കറി കൃഷി ചെയ്യുവാൻ തയ്യാറുള്ള പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ഹെക്ടറിന് 20000 രൂപ നിരക്കിൽ കൂലിച്ചെലവിന് സബ്‌സിഡി നൽകും . കൂടാതെ ജൈവവളത്തിനും ജൈവ കീടാനാശിനികൾക്കും അംഗീകൃത നിരക്കിൽ സബ്‌സിഡി അനുവദിക്കും. ഇവർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് സംയോജിത കൃഷി ജനകീയ കാമ്പെയിൻ കമ്മിറ്റിയുടെ സഹകരണത്തോടെ വിപണനം നടത്തും.
നടീൽ ഉത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് തല ഉദ്ഘാടനങ്ങൾ വിവിധ വാർഡുകളിൽ അതാത് മെമ്പർമാരും നിർവ്വഹിച്ചു.
പഞ്ചായത്ത് തല ഉദ്ഘാടന യോഗത്തിൽ കൃഷി ഓഫീസർ കെ. അജിമോൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുലൈ ഷ സലിം, വാർഡ് മെമ്പർ രഞ്ജിത്ത് പി.എസ്., കാർഷിക വികസന സമിതി അംഗങ്ങളായ പി.ജെ ഉലഹന്നൻ , കെ.കെ നാരായണൻ , കൃഷി അസിസ്റ്റന്റ് അനസ് പി.എസ്. തുടങ്ങിയവർ പ്രസംഗിച്ചു.