aadharsh
ആദർശ്.എസ്

തൊടുപുഴ: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന എൻ.സി.സിയുടെ പരമോന്നത ക്യാമ്പായ റിപ്പബ്ലിക് ദിന പരേഡ് ടീമിലേക്ക് ന്യൂമാൻ കോളേജിലെ രണ്ടാം വർഷ സുവോളജി വിദ്യാർത്ഥിയായ എസ്. ആദർശ് തിരഞ്ഞെടുക്കപ്പെട്ടു. 15 ലക്ഷത്തോളം അംഗബലമുള്ള എൻ.സി.സി സേനയിൽ കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിലുള്ള അമ്പതിനായിരത്തോളം കേഡറ്റുകളിൽ നിന്ന് സീനിയർ ഡിവിഷനിൽ 124 പേരാണ് ഈ വർഷം ആർ.ഡി.സി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരള- ലക്ഷദ്വീപ് ടീമിൽ നിന്ന് 20 പേർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, 18 കേരള ബറ്റാലിയനിൽ നിന്ന് രണ്ട് കേഡറ്റുകൾക്കാണ് യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ സെലക്ഷൻ ലഭിച്ചത്. അതിലൊരാളാണ് നൂറു ദിവസം പിന്നിട്ട ശ്രമകരമായ സെലക്ഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആദർശ്. തിരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകൾക്ക് യു.കെ, റഷ്യ, വിയറ്റ്‌നാം, സിങ്കപ്പൂർ, ശ്രീലങ്ക, കസാക്കിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ ഒരു മാസത്തോളം താമസിച്ച് വിവിധ സ്ഥലങ്ങളിൽ ഭാരതത്തിന്റെ സവിശേഷതകളും എൻ.സി.സിയുടെ സ്‌കില്ലുകളും കൈമാറാനുള്ള അവസരമുണ്ടാകും. അപൂർവമായ ഈ സെലക്ഷൻ ലഭിച്ച കോളേജിൽ നിന്നുള്ള ആദ്യത്തെ എൻ.സി.സി കേഡറ്റാണ് ആദർശ്.

ഡ്രിൽ, വ്യക്തിഗത മികവ്, എൻ.സി.സി പരിജ്ഞാനം, വ്യക്തിത്വം എന്നിങ്ങനെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള വിവിധ ഘട്ടങ്ങളിലെ വിജയകരമായ മുന്നേറ്റമാണ് റിപ്പബ്ലിക് ദിന ടീമിലേക്ക് തിരഞ്ഞെടുക്കപെടാൻ ഒരാളെ യോഗ്യനാക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകളിൽ ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്‌കഷൻ, പരേഡ് മികവ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് അന്താരാഷ്ട്ര യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആദർശ് തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ്. എറണാകുളം എ.എസ്.ഐയായ സജീവ് കുമാറിന്റെയും ജ്യോതിയുടെയും മകനാണ്. ഉന്നതമായ നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥിയെ കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, ഹയർ എജ്യുക്കേഷൻ സെക്രട്ടറി റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, എൻ.സി.സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. സാജു അബ്രഹാം, ബർസാർ ബെൻസൺ എൻ. ആന്റണി, പി.ടി.എ വൈസ് പ്രസിഡന്റ് ജോയി കിഴക്കേൽ എന്നിവർ അഭിനന്ദിച്ചു.