പീരുമേട്/ മൂന്നാർ: ആനയ്ക്കും കടുവയ്ക്കും പിന്നാലെ കരടിയും കാട്ടുപോത്തും കൂടി കാടിറങ്ങിയതോടെ ജനവാസ മേഖലയിലെ ജനങ്ങൾ പൊറുതിമുട്ടി. ഇന്നലെ വൈകിട്ട് പീരുമേട് സബ് ട്രഷറിയ്ക്ക് സമീപത്തെ വീടുകളുടെ മുറ്റത്ത് വരെ കാട്ടാനക്കൂട്ടമെത്തി. ഒരു കൊമ്പനും പിടിയാനയും ഉൾപെടുന്ന സംഘമാണ് എത്തിയത്. നാട്ടുകാർ ബഹളം വെച്ചതോടെ ആനകൾ സമീപത്തെ കാട്ടിലേക്ക് മറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി പീരുമേട് ടൗണിന് സമീപം കാട്ടാന ശല്യം പതിവായിട്ട്. വിവിധ കൂട്ടങ്ങളായി ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. സ്വൈര്യ ജീവിതത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടാന ശല്യം. സന്ധ്യയായി കഴിഞ്ഞാൽ പുലരുന്നതു വരെ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. പീരുമേടിന് സമീപം സിവിൽ സ്റ്റേഷൻ, കച്ചേരിക്കുന്ന്, തോട്ടാപ്പുര, പ്ലാക്കത്തടം തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങൾ ഭീതിയോടെയാണ് പകലും രാത്രിയും കഴിയുന്നത്. കൃഷിയിടങ്ങളും വ്യാപകമായി ആന നശിപ്പിക്കുന്നുണ്ട്. പീരുമേട്ടിലെ ഭരണ സിരാകേന്ദ്രം, വിവിധ സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, റസ്റ്റ് ഹൗസ്, സർക്കാർ ക്വാർട്ടേഴ്‌സുകൾ എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ആനകൾ എത്തുന്നത്. ശബരിമല വനത്തിന്റെ ഭാഗമായ സമീപത്തെ വനമേഖലയിൽ നിന്നുമാണ് കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി വരുന്നത്.
മൂന്നാറിലെ തേയിലത്തോട്ടത്തിൽ ബുധനാഴ്ച രാവിലെ കടുവയെ കണ്ടു. 8.15ന് കല്ലാർ ഫാക്ടറി ഡിവിഷനിൽ എട്ടാം നമ്പർ ഫീൽഡിലാണ് തൊഴിലാളികൾ കടുവയെ കണ്ടത്. തൊഴിലാളികൾ കൊളുന്ത് എടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. എതിർ ഭാഗത്തുള്ള റോഡിലൂടെ കടുവ നടന്ന് കാട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്. ആറ് മാസം മുമ്പും എസ്റ്റേറ്റിൽ കടുവയെ കണ്ടിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്. മേഖലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുവയെ കൂടാതെ കാട്ടുപോത്ത്, കാട്ടാനകൾ എന്നിവയുടെ ശല്യവും കൂടുതലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതിനിടെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വിവിധ കേന്ദ്രങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ് എന്ന പരാതിയുണ്ട്. രണ്ട് ദിവസമായി കോളനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ നാശമാണ് വിതയ്ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലി പ്രവർത്തന രഹിതമാണ്. മൂന്നാർ മേഖലയിൽ കാട്ടാനയുടെയും കടുവ, പുലി എന്നിവയുടെയും ആക്രമണം രൂക്ഷമാണ്. പശു, നായ മുതലായ വളർത്ത് മൃഗങ്ങളെ വ്യാപകമായി വന്യജീവികൾ കൊന്നൊടുക്കുന്നു. രണ്ടാഴ്ച മുമ്പ് ചിന്നക്കനാലിൽ തോട്ടം തൊഴിലാളിയായ സ്ത്രീയെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.
ബൈസൺവാലിയിൽ കാട്ടുപോത്തിറങ്ങി
ബൈസൺവാലിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. കാക്കകടയിലാണ് ഇന്നലെ രാവിലെ കാട്ടുപോത്തിറങ്ങിയത്. റോഡിലൂടെ എത്തിയ കാട്ട് പോത്ത് കൃഷിയിടത്തിലും സമീപ പ്രദേശങ്ങളിലുമായി ചുറ്റിത്തിരിയുകയാണ്. മുമ്പ് ബൈസൺവാലി ജോസ് ഗിരിയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടുപോത്ത് ആളുകളെ അക്രമിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് വെടിവച്ച് കൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ദേവികുളം റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോത്തിനെ കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാങ്കുളത്ത് കരടിയെത്തി
മാങ്കുളം ടൗണിന് സമീപം ജനവാസമേഖലയിൽ കരടി ഇറങ്ങി. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം മേനാതുണ്ടത്തിൽ അനീഷിന്റെ വീടിന്റെ തൊട്ടരികിലാണ് കരടിയെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് കരടിയെ കണ്ടത്. അനീഷിന്റെ ഭാര്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടതോടെ കരടി സമീപത്തുണ്ടായിരുന്ന പാറയിലൂടെ കയറി ഓടി മറഞ്ഞു. ഇവിടെ വിവിധ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി തുടരുന്നുണ്ട്.