കാഞ്ഞിരമറ്റം: മഹാദേവക്ഷേത്രത്തിലെ നവീകരിക്കപ്പെട്ട ശ്രീകോവിലിൽ ഇന്ന് പുനഃപ്രതിഷ്ഠ നടക്കും. രാവിലെ 8.15 മുതൽ 9.43 വരെയുള്ള കുംഭം രാശി ശുഭമുഹൂർത്തത്തിലാണ് പുനഃപ്രതിഷ്ഠ നിശ്ചയിച്ചിട്ടുള്ളത്. ദേശം പഞ്ചാക്ഷരമന്ത്ര മുഖരിതമാകുന്ന പുണ്യമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട്ട് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പുലർച്ചെ അഞ്ചു മുതൽ രക്ഷവിടർത്തി പൂജ, പ്രസാദ പ്രതിഷ്ഠ, വലിയപാണി തുടങ്ങി അതിവിശിഷ്ടമായ ചടങ്ങുകൾ നടക്കും. തുടർന്ന് ജീവകലശവും മറ്റു കലശങ്ങളും യജ്ഞശാലയിൽ നിന്ന് ശ്രീകോവിലിലേയ്ക്ക് ആചാരപൂർവ്വം എഴുന്നള്ളിക്കും. പ്രതിഷ്ഠാകർമ്മത്തെ തുടർന്ന് കുംഭേശ നിദ്ര, ജീവകലശാഭിഷേകങ്ങൾ, പ്രതിഷ്ഠാബലി, പ്രതിഷ്ഠാദക്ഷിണ തുടങ്ങിയ വൈദിക കർമ്മങ്ങളും നടക്കും. തുടർന്ന് ക്ഷേത്രത്തിൽ ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ പ്രമാണത്തിൽ സ്‌പെഷ്യൽ പഞ്ചവാദ്യവും നടക്കും. വൈകിട്ട് സന്ധ്യയ്ക്ക് മുമ്പായി ദീപസ്ഥാനവും നിയമം നിശ്ചയിച്ച് നടയടക്കൽ ചടങ്ങും നടക്കും. ഇനിയുള്ള രണ്ടു നാളുകൾ മണ്ഡപത്തിലാണ് പൂജകൾ നടക്കുന്നത്. 25ന് പുലർച്ചെ അഞ്ചിനാണ് ദേവനെ കണി കാണിച്ച് നടതുറക്കൽ നടക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകളുടെ ലൈവ് ബിഗ്‌സ്‌ക്രീൻ പ്രദർശനവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ശ്രീരാമമണ്ഡപം ഒരുക്കി നാമജപവും പ്രസാദവിതരണവും പ്രാണപ്രതിഷ്ഠയ്ക്കു ശേഷം നടക്കും. വൈകിട്ട് അഞ്ചിന് അരങ്ങിൽ പ്രബന്ധചൂഢാമണി പൊതിയിൽ നാരായണചാക്യാരുടെ ചാക്യാർകൂത്തും തുടർന്ന് പദ്മരാഗം ഓർക്കസ്ട്രയുടെ ഭക്തിഗാനമേള, കൊല്ലം കൃഷ്ണശ്രീ അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ ഭീമപർവം എന്നിവയും അരങ്ങേറും. പ്രതിഷ്ഠാ മഹോത്സവം നടക്കുന്ന എല്ലാ ദിവസവും എത്തിച്ചേരുന്ന എല്ലാ ഭക്തർക്കും ഉച്ചയ്ക്ക് മഹാപ്രസാദമൂട്ടും വൈകിട്ട് അത്താഴവും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ നടത്തിവരുന്നുണ്ട്. 23ന് ചൊവ്വാഴ്ച രാവിലെ അഞ്ച് മുതൽ മണ്ഡപത്തിൽ വിവിധ പൂജകളും പരിവാര പ്രതിഷ്ഠകൾ, മാതൃക്കല്ല് പ്രതിഷ്ഠ, വലിയ ബലിക്കല്ല് പ്രതിഷ്ഠ, ഉപദേവതകൾക്ക് കലശം തുടങ്ങിയ ചടങ്ങുകളും നടക്കും. വൈകിട്ട് വേദിയിൽ തിരുവാതിര, വിളക്ക് ഡാൻസ്, കുച്ചിപ്പുടി എന്നീ നൃത്തപപരിപാടികളും കൊച്ചിൻ തരംഗിണിയുടെ ഗാനമേളയും നടക്കും.