പീരുമേട്: അങ്കമാലിയിലെ മനുഷ്യചങ്ങലയിൽ കണ്ണികളാകാൻ പോകുന്ന തിരക്കിലും പതിവായി വിശക്കുന്ന രോഗികൾക്കുള്ള പൊതിച്ചോർ വിതരണം ചെയ്യാൻ ഈ യുവാക്കൾ മറന്നില്ല. പീരുമേട് താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ അഞ്ചു വർഷമായി നൽകുന്ന ഹൃദയസ്പർശം പദ്ധതിയുടെ ഭാഗമായുള്ള പൊതിച്ചോറ് വിതരണം ശനിയാഴ്ച പെരിയാർ മേഖലാ കമ്മിറ്റിക്കായിരുന്നു. മേഖലാ കമ്മിറ്റിയിലെ പ്രവർത്തകർ ഭക്ഷണം വിതരണത്തിനുള്ള തയ്യാറെടുപ്പ് മൂന്ന് ദിവസം മുമ്പേ ആരംഭിച്ചു. സാധാരണ രാവിലെ 10നാണ് വീടുകളിൽ നിന്ന് പ്രവർത്തകർ പൊതിച്ചോർ ശേഖരിക്കുന്നത്. എന്നാൽ ശനിയാഴ്ച അങ്കമാലിയിൽ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാനുള്ളത് കൊണ്ട് ഏഴുമണിയോടെ പൊതിച്ചോറുകൾ തരണമെന്ന് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ഭാരവാഹികളായ അജ്മൽ, സുജിത്ത്, വിഷ്ണു ആനന്ദ് എന്നിവർ വീടുകളിലെത്തി നേരത്തെ പറഞ്ഞിരുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ച് രാവിലെ തന്നെ പ്രവർത്തകർ വീടുകളിൽ നിന്ന് പൊതിച്ചോർ ശേഖരിച്ചു. ഈ പൊതിച്ചോറ് പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ച് രോഗികൾക്ക് വിതരണം ചെയ്തിട്ടാണ് പ്രവർത്തകർ 11.30ന് അങ്കമാലിയ്ക്ക് പുറപ്പെട്ടത്. നൂറ് കണക്കിന് രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ആശ്വാസം നൽകുന്നതാണ് ഡി.വൈ.എഫ്.ഐയുടെ ഈ പൊതിച്ചോർ വിതരണം. 4.30ന് ഇടുക്കി ജില്ലയിലെ പ്രവർത്തകർ അണിചേരണ്ട സ്ഥലത്ത് എത്തി മനുഷ്യച്ചങ്ങലയിലും ഇവർ കണ്ണികളായി. ഹൃദയസ്പർശം പൊതിചോറ് പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ഡി.വെ.എഫ്.ഐ പീരുമേട്, ഏലപ്പാറ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 27ന് മേഖലാകമ്മിറ്റികൾ ചേർന്ന് അഞ്ചു ലക്ഷം പൊതിച്ചോർ വിതരണം ചെയ്തതായി ഡി.വൈ.എഫ്.ഐ പീരുമേട് ഏരിയാ സെക്രട്ടറി വിനോദ് റോണിയും പ്രസിഡന്റ് ജെയ്സണും പറഞ്ഞു.