
വണ്ടിപെരിയാർ: പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന് നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് വണ്ടിപെരിയാർ പൊലീസ് സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. അയ്യങ്കാളി കേന്ദ്രീയ ചേരമർ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലായിരുന്നു ധർണ്ണ. പൊലീസും പ്രോസിക്യൂഷനും ഒത്തുകളിക്കുകയും പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തു. കോടതി വിധിയ്‌ക്കെതിരെ അപ്പീൽ കൊടുത്തതിൽ രോഷംപൂണ്ട പ്രതിയുടെ പിതൃസഹോദരൻ പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിലും പ്രതിഷേധിച്ചുകൊണ്ടാണ് അയ്യങ്കാളി കേന്ദ്രീയ ചേരമർ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ പടിക്കൽ ധർണ നടത്തിയത്. അയ്യങ്കാളി കേന്ദ്രീയ ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.ജെ. രാജൻ, ട്രഷറർ വി.കെ. രവി, ശാന്തമ്മ രവി, ബിജു വാസു, കെ.സി. ഷാജി, അഭിലാഷ് മറ്റക്കര, സജികുമാർ പെരുമ്പായിക്കാട്, പി. കരുണാകരൻ, ബിനീഷ് വയല, സംസ്ഥാന വനിതാ സമാജം ഭാരവാഹി ശൈലജ തുടങ്ങിയവർ സംസാരിച്ചു.