കുമളി: മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കി ചികിത്സയിലിരിക്കെ മരിച്ച കുമളി സ്വദേശിനി അന്നക്കുട്ടിയുടെ (76) സംസ്‌കാരം ഇന്നലെ വൈകിട്ട് അഞ്ചിന് കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ നടന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ചു. പൊലീസിന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ധിഖ്, വാർഡ് മെമ്പർ ജയമോൾ, പൊതുപ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിലാണ് പൊതുദർശനം ക്രമീകരിച്ചത്. പള്ളിയിലെ കർമ്മങ്ങൾക്ക് ഫാ. ജോർജ് കളപ്പുരയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പള്ളി വികാരി ഫാ. ഡോ. തോമസ് പൂവത്താനിക്കന്നേൽ, അസി. വികാരി ഫാ. ജോസ് വേലിക്കകത്ത് എന്നിവർ സഹകാർമ്മികരായിരുന്നു. ജില്ലാ കളക്ടർ ഷീബാ ജോർജ്, സബ് കളക്ടർ അരുൺ എസ്. നായർ എന്നിവർ പുഷ്പചക്രവും ആദരാജ്ഞലിയും അർപ്പിച്ചു. അന്നക്കുട്ടിയുടെ മകൻ സംസ്‌കാര ശുശ്രൂഷ തീരും മുമ്പ് കാഴ്ചക്കാരനായി അന്ത്യാഞ്ജലി നടത്തി മടങ്ങി. അന്നക്കുട്ടിയെ മക്കൾ സംരക്ഷിച്ചില്ലെന്നും മക്കൾക്കെതിരെ കേസെടുക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് പറഞ്ഞു.