ഇടുക്കി: തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ കാരണം ജീവനും സ്വത്തിനും ഭീഷണി നേരിടുന്നയാളുടെ സാഹചര്യം ഒരു പ്രത്യേക കേസായി പരിഗണിച്ച് ഉചിതമായ സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജിയോളജി വകുപ്പിന് നിർദ്ദേശം നൽകി. തകർന്ന വീടിന്റെ പുനരുദ്ധാരണം നടത്താൻ ലൈഫ് മിഷൻ വഴിയോ മറ്റേതെങ്കിലും പദ്ധതി വഴിയോ ധനസഹായം നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി മരിയാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
2018ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ ധനസഹായം ആവശ്യപ്പെട്ട് നായരുപാറ സ്വദേശി എബ്രഹാം ജോസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് രണ്ടര ലക്ഷം രൂപ അനുവദിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2021 ൽ തനിക്ക് ജലവിഭവ മന്ത്രി സംരക്ഷണഭിത്തി നിർമ്മിക്കാൻ അനുവദിച്ച 10 ലക്ഷം രുപയിൽ 75000 രൂപ മാത്രമാണ് ചെലവാക്കിയതെന്ന് പരാതിക്കാരൻ അറിയിച്ചു. പരാതിക്കാരന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ സാദ്ധ്യമാണോ എന്ന് പഠനം നടത്തണമെന്ന് ജിയോളജിസ്റ്റ് കമ്മീഷനെ അറിയിച്ചു.