കുമളി : മക്കൾ അമ്മയെ ഉപേക്ഷിച്ച സംഭവത്തിൽ മക്കൾക്കെതിരെ കേസെടുത്തതായി കുമളി എസ്. ഐ . ലിജോ.പി. മണി അറിയിച്ചു.
മുതിർന്നപൗരൻമാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയവെ നിര്യാതയായ കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ മക്കളായ കുമളി കേരള ബാങ്ക് ജീവനക്കാരൻ സജി (55 ) സഹോദരി സിജി (50) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി രോഗശയ്യയിലായി കോട്ടയം മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. പൊലീസും നാട്ടുകാരും വാർഡ് മെമ്പറും അടക്കമുള്ളവരുടെ സഹായത്തോടെ വെള്ളിയാഴ്ചയാണ് അന്നക്കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചശേഷം എസ്. ഐ പല തവണ മകനേ വിളിച്ചെങ്കിലും നായക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളിയിൽ സംസ്‌കാരത്തിന് മുൻപ് കുമളി ബസ്റ്റാന്റിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. പള്ളിയിലെ സംസ്‌കാര ചടങ്ങുകൾ തീരും വരെ ജില്ലാ കളക്ടറും സബ് കളക്ടറും കുമളി എസ്. ഐ. ലിജോ പി .മാണിയുടെ നേതൃത്വത്തിലുള്ളവർ പങ്കെടുത്തപ്പോൾ മകൻ ജനക്കൂട്ടത്തിന് പിന്നിൽ നിന്ന ശേഷം പൊതുജനങ്ങൾ അന്ത്യാജ്ഞലി അർപ്പിക്കുന്നതിനിടെ അവരിലൊരാളായി അവർക്കിടയിലൂടെ സ്വന്തം അമ്മക്ക് ആദരാജ്ഞലി അർപ്പിച്ചു. കേസിൽ നിന്ന് തടിയൂരാനാണ് സംസ്‌കാര ചടങ്ങിന് മകൻ എത്തിയതെന്നാണ് ജനസംസാരം. ഒന്നാം മൈലലിലെ സ്ഥലം വിറ്റതുക അമ്മ വീതം വച്ചതിലുള്ള പ്രതിഷേധമാണ് മകൻ പ്രകടിപ്പിച്ചതെന്ന് പറയുന്നു. അട്ടപ്പള്ളം കോളനിയിൽ തനിച്ചായിരുന്നു അന്നക്കുട്ടിയുടെ ജീവിതം.