
മൂലമറ്റം: കുടുംബം പ്രശ്‌നത്തിന്റെ പേരിൽ ഭാര്യാമാതാവിന്റെ വീട്ടിലേക്ക് ജീപ്പിടിച്ച് കയറ്റി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ. പതിപ്പിള്ളി സൂര്യൻകുന്നേൽ പ്രേംജിത്തിനെയാണ് (37) ഞായറാഴ്ച രാത്രിയിൽ കാഞ്ഞാർ പൊലീസ് പിടികൂടിയത്. ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പരാതിയന്മേൽ ഇയാൾക്കെതിരെ ഭവനഭേദനം, അപായപ്പെടുത്താൻ ശ്രമം തുടങ്ങിയവ ഉൾപ്പെടുന്ന വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും തുടർന്ന് കുട്ടികളെ മർദ്ദിക്കുകയുമായിരുന്നു. പിന്നീട് ഭാര്യ 150 മീറ്റർ അകലെയുള്ള സ്വന്തം വീട്ടിലേക്ക് മൂന്ന് കുട്ടികളുമായി പോയി. സന്ധ്യയോടെ ഇവിടെ എത്തിയ പ്രംജിത്ത് പ്രശ്‌നമുണ്ടാക്കുകയും ഭാര്യാമാതാവിനെ മുൻവശത്തിരുന്ന പുളി സൂക്ഷിച്ചിരുന്ന ചാക്ക് എടുത്ത് എറിഞ്ഞ് ആക്രമിക്കുകയും ഭാര്യയെ കഴുത്തിന് പിടിച്ച് ഭിത്തിയിൽ തല ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ ഇവരുടെ അടുത്ത ബന്ധുവെത്തി. ഈ സമയം പ്രതിയെ പുറത്താക്കി വീട്ടുകാർ വാതിലടച്ചു. ഇതിനിടെ വിദ്യാർത്ഥികളുമായടക്കം സർവീസ് നടത്തുന്ന കമാൻഡർ ജീപ്പ് വീട്ടിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഭാര്യാമാതാവ് ഓടിമാറിയാണ് രക്ഷപ്പെട്ടത്. നിരവധി തവണ വാഹനം പന്നോട്ടെടുത്ത് വാതിലിനിട്ട് ഇടിച്ച് മരത്തിന്റെ ഡോർ തകർത്തു. ജനലിന്റെ ചില്ലുകളും തല്ലിപ്പൊളിച്ചു. ഇതിനിടെ വീട്ടിലുള്ളവർ സമീപത്തെ വീട്ടിലെത്തി അഭയം പ്രാപിക്കുകയായിരുന്നു. വീടിന് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.കാഞ്ഞാർ എസ്.എച്ച്.ഒ സോൾജി മോന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വാഹനം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആർടിഒയ്ക്ക് കത്ത് നൽകുമെന്നും പൊലീസ് അറിയിച്ചു.
ഇത് മൂന്നാമത്തെ തവണ
പ്രതിയായ പ്രേംജിത്ത് ഇത് മൂന്നാമത്തെ തവണയാണ് വീട്ടിലേക്ക് വാഹനം ഓടിച്ച് കയറ്റുന്നത്. രണ്ട് വർഷം മുമ്പ് സ്വന്തം വീട്ടിലേക്കും ഏതാനം മാസങ്ങൾ മുമ്പ് തറവാട്ട് വീട്ടിലും ഇയാൾ സമാനമായ ആക്രമണം നടത്തി. അന്ന് വീട്ടുകാർ പരാതിയുമായി പോകാത്തതിനാൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. ആക്രമണ വാസനയുള്ള പ്രതി വാഹനവുമായി നിരത്തിലിറങ്ങിയാൽ മറ്റുള്ളവരെ അപായപ്പെടുത്താൻ ഇത് കാരണമാകുമെന്നും പരാതിക്കാർ പറയുന്നു.