രാജാക്കാട്: ഒരിടവേളയ്ക്ക് ശേഷം ചിന്നക്കനാലിൽ കാട്ടാനയാക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. ചിന്നക്കനാൽ ബിഎൽറാം സ്വദേശിയായ സൗന്ദർ രാജിനാണ് (68)​ കാട്ടാനയാക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് സൗന്ദർ രാജനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങൾക്ക് മുമ്പുണ്ടായ വീഴ്ചയെ തുടർന്ന് ഇദ്ദേഹത്തിന്റെ വലതുകാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. അതിനാൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ സൗന്ദർ രാജിന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടാന സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്തിയശേഷം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതര പരിക്കേറ്റ ​സൗന്ദർരാജിന്റെ രണ്ട് കൈകളും ഒടിഞ്ഞിട്ടുണ്ട്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ എട്ടിനാണ് ഇവിടെ പന്നിയാറിൽ കാട്ടാനയാക്രമണത്തിൽ തോട്ടംതൊഴിലാളിയായ പരിമളം (44)​ കൊല്ലപ്പെട്ടത്. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.