ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ- 2024 ന്റെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 8,81,320. ഇതിൽ 4,33,669 പുരുഷ വോട്ടർമാരും 4,47,645 വനിതാ വോട്ടർമാരും ആറ് ഭിന്നലിംഗക്കാരുമാണുള്ലത്. 8188 പേരാണ് പുതുതായി വോട്ടർപട്ടികയിൽ പേര് ചേർത്തത്. ഇതിൽ 7778 പേരും 18- 19 വയസ് പ്രായമുള്ള യുവ വോട്ടർമാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 8,73,132 വോട്ടർമാരാണുണ്ടായിരുന്നത്. 2023 ഒക്ടോബർ 27 ന് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വോട്ടർ പട്ടിക സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച ആക്ഷേപങ്ങളും മറ്റ് അപാകതകളും പരിഹരിച്ചതിന് ശേഷമാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. വോട്ടർപട്ടികയുടെ കോപ്പികൾ എല്ലാ താലൂക്ക് ഇലക്ഷൻ വിഭാഗങ്ങളിലും വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും ഇലക്ഷൻ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. ഇതോടനുബന്ധിച്ച് ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. പ്രസിദ്ധീകരിക്കപ്പെട്ട വോട്ടർ പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയപാർട്ടികൾക്കും ജില്ലയിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കും നിയമാനുസൃതം കൈമാറാൻ എല്ലാ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കും തഹസിൽദാർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പറഞ്ഞു. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ലത വി.ആർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
'മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണ് ജനാധിപത്യപ്രക്രിയയിൽ കൂടുതൽ യുവാക്കളെ ഉൾപ്പെടുത്താൻ കഴിഞ്ഞത്."
-ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്