
തൊടുപുഴ: പഞ്ചാക്ഷരീമന്ത്രത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠ ചടങ്ങുകൾ നടന്നു. ഇന്നലെ രാവിലെ അഞ്ചുമണിമുതൽ ആരംഭിച്ച രക്ഷവിടർത്തി പൂജ , പ്രാസാദ പ്രതിഷ്ഠ , വലിയപാണി തുടങ്ങി അതിവിശിഷ്ടമായ ചടങ്ങുകൾക്കുശേഷം ജീവകലശവും മറ്റു കലശങ്ങളും യജ്ഞശാലയിൽ നിന്ന് ശ്രീകോവിലിലേയ്ക്ക് ആചാരപൂർവ്വം എഴുന്നള്ളിച്ചു.തുടർന്ന് പുനഃപ്രതിഷ്ഠാകർമ്മം നടന്നു. പ്രതിഷ്ഠാകർമ്മത്തെ തുടർന്ന് കുംഭേശ നിദ്ര , പ്രതിഷ്ഠാബലി , പ്രതിഷ്ഠാദക്ഷിണ തുടങ്ങിയ വൈദികകർമ്മങ്ങളും നടന്നു. ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ പ്രമാണത്തിൽ സ്പെഷ്യൽ പഞ്ചവാദ്യവും ക്ഷേത്രത്തിൽ നടന്നു.
വൈകിട്ട് 6.30 ന് മുൻപായി ദീപസ്ഥാനവും നിയമം നിശ്ചയിച്ച് നടയടക്കൽ ചടങ്ങും നടന്നു. ഇനിയുള്ള രണ്ടു നാളുകൾ ദേവകൾ ശ്രീകോവിലിൽ പൂജ ചെയ്യുന്നുവെന്ന സങ്കൽപ്പത്തിൽ മണ്ഡപത്തിലേക്ക് ദേവചൈതന്യത്തെ ആവാഹിച്ച് വിധിപ്രകാരമുള്ള പൂജകൾ നടത്തപ്പെടും.
രാവിലെ 11 മണിമുതൽ ക്ഷേത്രമൈതാനത്ത് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങുകളുടെ ബിഗ്സ്ക്രീൻ ലൈവ് പ്രദർശനവും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു.
വൈകിട്ട് വേദിയിൽ പ്രബന്ധചൂഢാമണി പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്തും പത്മരാഗം ഓർക്കസ്ട്രയുടെ ഗാനമേള യും , ഭീമപർവം എന്ന ബാലെയും അരങ്ങേറി.
ഇന്ന് രാവിലെ 5 മുതൽ മണ്ഡപത്തിൽ വിവിധ പൂജകളും , പരിവാര പ്രതിഷ്ഠകൾ , മാതൃക്കല്ല് പ്രതിഷ്ഠ , വലിയ ബലിക്കല്ല് പ്രതിഷ്ഠ , ഉപദേവതകൾക്ക് കലശം , തുടങ്ങിയ ചടങ്ങുകളും നടക്കും.വൈകിട്ട് വേദിയിൽ തിരുവാതിര , വിളക്ക് ഡാൻസ് , കുച്ചിപ്പുടി എന്നീ നൃത്തപരിപാടികളും കൊച്ചിൻ തരംഗിണിയുടെ ഗാനമേളയും നടക്കും.