suspenssion

കുമളി: പഞ്ചായത്ത് യോഗത്തിൽ അനുമതിയില്ലാതെ തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച കുമളി ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ടിന് സസ്‌പെൻഷൻ. ജൂനിയർ സൂപ്രണ്ട് എം.സി. ബൈജുവിനെയാണ് പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു സസ്‌പെൻഡ് ചെയ്തത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട യോഗത്തിലാണ് തമിഴ്നാട് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചത്. ഇതിനെതിരെ പഞ്ചായത്ത് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.
തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കൊപ്പം തമിഴ്‌നാടിന്റെ ബോട്ടിൽ കയറി മുല്ലപ്പെരിയാർ അണക്കെട്ടിൽ സ്വകാര്യ സന്ദർശനം നടത്തിയെന്നും ഇദ്ദേഹത്തിനെതിരെ പരാതിയുണ്ട്. വിവരാവകാശ അപേക്ഷ ഇല്ലാതെ സ്വകാര്യ വ്യക്തിക്ക് പഞ്ചായത്തിലെ രേഖകളുടെ പകർപ്പുകൾ നൽകി എന്നതടക്കമുള്ള പരാതികളും കണക്കിലെടുത്താണ് നടപടി.