sandal

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ ദിണ്ഡുകൊമ്പ് സെന്റ് ജൂഡ് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയി. ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സ്വകാര്യഭൂമിയിൽ നിന്ന് ചന്ദന മോഷണം സജീവമായിരിക്കുകയാണ്. പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന മരത്തിന്റെ കാതലുള്ള ഭാഗം പൂർണമായും മോഷ്ടാക്കൾ കടത്തി. മേഖലയിലെ സ്വകാര്യഭൂമിയിൽ നിന്ന് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ചന്ദന മാഫിയ മുറിച്ച് കടത്തിയത് കോടികൾ വിലമതിക്കുന്ന മരങ്ങളാണ്. വ്യാപകമായി സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനമരം മോഷണം പോകുന്നുണ്ടെങ്കിലും പ്രതികളെയൊ തൊണ്ടി മുതലോ കണ്ടെത്താൻ പൊലീസിനോ വനം വകുപ്പനോ കഴിയാറില്ല. ഈ സാഹചര്യം മുതലാക്കിയാണ് മോഷ്ടാക്കൾ സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദന കൊള്ള വ്യാപകമാക്കുന്നത്. പൊലീസും വനംവകുപ്പും സംയുക്ത നീക്കം നടത്തിയെങ്കിലെ മോഷണം തടയാനാകൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്. സെന്റ് ജൂഡ് പള്ളി വികാരി ഫാ. പീറ്റർ പാലക്കൽ വനം വകുപ്പ് ഓഫീസിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.