ഇടുക്കി: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ 14 മോഡൽ റസിഡൻഷ്യൽ അല്ലെങ്കിൽ ആശ്രമം സ്‌കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-25 അദ്ധ്യയനവർഷം 5, 6 ക്ലാസ്സുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഈ വിദ്യാലയങ്ങളിലേക്ക് അഡ്മിഷനായുള്ള പ്രവേശന പരീക്ഷ മാർച്ച് 16 രാവിലെ 10 മണി മുതൽ 12 മണി വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം 2,00,000 രൂപയോ, അതിൽ കുറവുള്ളതോ ആയിരിക്കണം. പ്രാക്തന ഗോത്രവർഗ്ഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 6ാം ക്ലാസ്സിലേക്കും, മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 5ാം ക്ലാസ്സിലേക്കുമാണ് പ്രവേശനം നൽകുന്നത്.
പ്രവേശനത്തിനുള്ള അപേക്ഷ www.stmrs.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട സാങ്കേതിക സഹായങ്ങൾ ഇടുക്കി ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസ്, അടിമാലി ട്രൈബൽ ഡെവലെപ്‌മെന്റ് ഓഫീസ് പൂമാല, പീരുമേട്, കട്ടപ്പന, ഇടുക്കി, അടിമാലി, മൂന്നാർ, മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 20 വൈകിട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399