തൊടുപുഴ: മദ്ധ്യവയസ്‌കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ണപ്പുറം ചീങ്കൽസിറ്റി കാഞ്ഞിരംകവല പാറവിളയിൽ ജോസഫിനെയാണ് (56) വീടിന് സമീപത്തെ പുരയിടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ തിങ്കളാഴ്ച രാത്രി 9.30ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക രോഗത്തിന് ചികിത്സയിലുള്ള ജോസഫിന് രാത്രി പുറത്തിറങ്ങി നടക്കുന്ന ശീലമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. നടക്കുന്നതിനിടെ കിണറ്റിൽ കാൽവഴുതി വീണതാകാമെന്നാണ് സൂചനയെന്ന് കാളിയാർ എസ്.എച്ച്.ഒ എച്ച്.എൽ. ഹണി പറഞ്ഞു. തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.